
മലയാളത്തിലെ ശ്രദ്ധേയമായ വെബ് സീരീസായ ‘കേരള ക്രൈം ഫയൽസി’ന്റെ മൂന്നാം സീസൺ ആരംഭിക്കുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ചെയ്യുന്ന ഈ സീസൺ സംവിധാനം ചെയ്യുന്നത് അഹമ്മദ് കബീർ തന്നെയാണ്. അണിയറപ്രവർത്തകർ ഇപ്പോൾ മൂന്നാം സീസണിന്റെ പ്രോമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
‘ജൂൺ’, ‘മധുരം’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീർ തന്നെയാണ് വെബ് സീരീസിന്റെ ആദ്യ രണ്ട് സീസണുകളും സംവിധാനം ചെയ്തത്. ആദ്യ സീസണിന് ആഷിഖ് ഐമറും രണ്ടാം സീസണിന് ബാഹുൽ രമേശുമാണ് തിരക്കഥയൊരുക്കിയത്. മൂന്നാം സീസണിലെ രചയിതാവ് ആരാണെന്നുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അജു വർഗീസ്, ലാൽ, അർജുൻ രാധാകൃഷ്ണൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവരാണ് മൂന്നാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
മലയാളത്തിലെ ആദ്യത്തെ ക്രൈം വെബ് സീരീസുകളിലൊന്നായിരുന്നു ‘കേരള ക്രൈം ഫയല്‍സ്- ഷിജു, പാറയില്‍ വീട്, നീണ്ടകര’. 2024 ജൂൺ 23-നായിരുന്നു സീരീസിന്റെ സ്ട്രീമിങ് ആരംഭിച്ചത്. അജു വർഗീസും ലാലും കേന്ദ്രകഥാപാത്രങ്ങളായ ഈ സീരീസ് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ആദ്യ സീസണിൽ, എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിലെ ഒരു പഴയ ലോഡ്ജിൽ നടന്ന ലൈംഗികത്തൊഴിലാളിയുടെ കൊലപാതകവും തുടർന്ന് കേരള പോലീസ് നടത്തുന്ന അന്വേഷണവുമാണ് പ്രധാന ഇതിവൃത്തമായത്. എസ്.ഐ. മനോജ് എന്ന കഥാപാത്രത്തെ അജു വർഗീസും, സി.ഐ. കുര്യൻ എന്ന കഥാപാത്രത്തെ ലാലും ആണ് അവതരിപ്പിച്ചത്.











