
തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ നടനും മുൻ എം.പി.യുമായ സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയതിനെച്ചൊല്ലി തൃശ്ശൂരിൽ വിവാദം ശക്തമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വോട്ട് ചെയ്ത സുരേഷ് ഗോപി ഇപ്പോൾ തിരുവനന്തപുരത്ത് വോട്ട് ചെയ്തത് എങ്ങനെയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്ന് സി.പി.ഐ. നേതാവ് വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ നെട്ടിശ്ശേരിയിലെ വിലാസത്തിൽ വോട്ട് ചെയ്ത സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ശാസ്തമംഗലത്താണ് വോട്ട് ചെയ്തത്. രണ്ടിടത്ത് എങ്ങനെയാണ് വോട്ട് ചെയ്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും സുരേഷ് ഗോപിയും വിശദീകരിക്കണം എന്നാണ് വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടത്. രണ്ടു സ്ഥലങ്ങളിലും വോട്ട് നിലനിർത്തുന്ന സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. പുറത്തുനിന്ന് വോട്ട് ചേർത്തുവെന്ന വിവാദം നിലനിൽക്കെയാണ് വീണ്ടും സുരേഷ് ഗോപിയുടെ വോട്ട് വിഷയം ഇടതുമുന്നണിയും കോൺഗ്രസും ആയുധമാക്കുന്നത്.
“സുരേഷ് ഗോപിയുടെ ചെമ്പ് തെളിഞ്ഞു” എന്ന് പരിഹസിച്ച കോൺഗ്രസ്, ധാർമികതയുണ്ടെങ്കിൽ രാജിവെച്ച് ഒഴിയാൻ വെല്ലുവിളിച്ചു. എന്നാൽ, “ചെമ്പ് എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷത്തിനും കോൺഗ്രസിനും മാനസിക വിഭ്രാന്തിയാണ്” എന്നായിരുന്നു ബി.ജെ.പി.യുടെ മറുപടി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ട് വോട്ടർ പട്ടികയാണുള്ളതെന്നും ബി.ജെ.പി. വിശദീകരിച്ചു.











