മമ്മൂട്ടി-വിനായകൻ ചിത്രം ‘കളങ്കാവൽ’ വിജയക്കുതിപ്പിൽ: നാല് ദിവസം കൊണ്ട് 50 കോടി

നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി-വിനായകൻ ചിത്രം ‘കളങ്കാവൽ’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ്. റിലീസ് ചെയ്ത് വെറും നാല് ദിവസങ്ങൾക്കുള്ളിൽ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി രൂപ സ്വന്തമാക്കി. ഇതിനിടെ, ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇപ്പോൾ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

കളങ്കാവലിന്റെ ഏറ്റവും വലിയ ആകർഷണം മമ്മൂട്ടിയുടെയും വിനായകന്റെയും മികച്ച പ്രകടനമാണെന്നാണ് പ്രേക്ഷകർ ഒറ്റക്കെട്ടായി അഭിപ്രായപ്പെടുന്നത്. അതിവേഗം 50 കോടി ക്ലബ്ബിൽ ഇടം നേടിയ മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും കഴിഞ്ഞ ദിവസം ‘കളങ്കാവൽ’ സ്വന്തമാക്കി.

‘ഭീഷ്മപർവ്വം’, ‘കണ്ണൂർ സ്ക്വാഡ്’, ‘ഭ്രമയുഗം’, ‘ടർബോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് ‘കളങ്കാവൽ’. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്. ‘കുറുപ്പ്’ എന്ന സിനിമയുടെ കഥാകൃത്തായ ജിതിൻ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മലയാള സിനിമയിൽ ആദ്യമായി 21 നായികമാർ ഒന്നിച്ചെത്തിയ ചിത്രം എന്ന പ്രത്യേകതയും ‘കളങ്കാവലി’നുണ്ട്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ‘ബസൂക്ക’ ആയിരുന്നു ഇതിനുമുമ്പ് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ഈ വലിയ ഇടവേളയ്ക്ക് ശേഷമുള്ള മമ്മൂക്കയുടെ ശക്തമായ തിരിച്ചുവരവാണ് ‘കളങ്കാവലി’ലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ് സിനിമാ പ്രേമികൾ അഭിപ്രായപ്പെടുന്നത്.

ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ‘ലോക’ ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്‌നാട്ടിൽ വിതരണം ചെയ്ത ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ആണ് ചിത്രം തമിഴ്‌നാട്ടിൽ എത്തിച്ചത്. സിതാര എന്റർടൈൻമെന്റ്‌സ്, ലൈറ്റർ ബുദ്ധ ഫിലിംസ്, പെൻ മരുധാർ എന്നിവരാണ് മറ്റ് വിതരണ പങ്കാളികൾ.