സൂപ്പർസ്റ്റാർ രജനികാന്തിന് 75-ാം പിറന്നാൾ; ആശംസകളുമായി പ്രധാനമന്ത്രി മോദി, 50 വർഷത്തെ സിനിമാജീവിതത്തെ പ്രകീർത്തിച്ചു

തെന്നിന്ത്യൻ സിനിമയുടെ തലൈവർ രജനികാന്ത് ഇന്ന് 75-ാം പിറന്നാൾ ആഘോഷിക്കുന്നു. ഈ പ്രത്യേക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും രാഷ്ട്രീയ-ചലച്ചിത്ര രംഗത്തെ പ്രമുഖർ താരത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

പ്രധാനമന്ത്രി മോദി തന്റെ ‘എക്സ്’ പേജിലൂടെയാണ് രജനികാന്തിനുള്ള ആശംസ അറിയിച്ചത്. “ബഹുമാനപ്പെട്ട രജനികാന്ത് ജിക്ക് അദ്ദേഹത്തിന്റെ 75-ാം ജന്മദിനത്തിൽ എൻ്റെ ആശംസകൾ. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ തലമുറകളെ ആകർഷിക്കുകയും വലിയ ആദരവ് നേടുകയും ചെയ്തിട്ടുണ്ട്. വൈവിധ്യമാർന്ന വേഷങ്ങളിലൂടെയും, വിവിധ സിനിമ വിഭാഗങ്ങളിലൂടെയുമുള്ള അദ്ദേഹത്തിന്റെ യാത്ര സിനിമയിൽ ഒരു നിലവാരം സ്ഥാപിച്ചു. ഈ വർഷം അദ്ദേഹത്തിന് ഏറെ ശ്രദ്ധേയമാണ്, കാരണം അദ്ദേഹം സിനിമ ലോകത്ത് 50 വർഷം പൂർത്തിയാക്കുന്നു. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നേരുന്നു,” പ്രധാനമന്ത്രി കുറിച്ചു.

അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന രജനികാന്തിന് ആരാധകരും സിനിമാ സഹപ്രവർത്തകരും സ്നേഹാശംസകൾ കൊണ്ട് സോഷ്യൽ മീഡിയയെ നിറച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടൻമാരായ കമൽ ഹാസൻ, ധനുഷ്, മോഹൻലാൽ എന്നിവരും രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

രജനികാന്തിന്റെ 75-ാം പിറന്നാൾ ആഘോഷിക്കുന്നതിനോടൊപ്പം, അദ്ദേഹത്തിന്റെ 50 വർഷത്തെ മഹത്തായ സിനിമാ ജീവിതത്തെയും രാജ്യം പ്രശംസിക്കുന്നു. ഈ വർഷം ഗോവയിൽ നടന്ന 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (IFFI) അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചിരുന്നു.