വിമർശകന് മീനാക്ഷി അനൂപിന്റെ കിടിലൻ മറുപടി; പോസ്റ്റ് ശ്രദ്ധേയമാകുന്നു

കൊച്ചി: ടെലിവിഷൻ അവതാരകയായും അഭിനേത്രിയായും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മീനാക്ഷി അനൂപ്. ‘അമർ അക്ബർ അന്തോണി’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’, ‘ഒപ്പം’ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിലെ പ്രകടനത്തിലൂടെ മീനാക്ഷി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളും ചർച്ചയാവാറുണ്ട്.

ഇപ്പോൾ ‘പാലും പശുവും ചില തുടർ ചിന്തകളും’ എന്ന തലക്കെട്ടിൽ മീനാക്ഷി പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ‘സയന്റിഫിക് ടെമ്പർ’ കൊണ്ട് എന്ത് പ്രയോജനം എന്ന ചോദ്യത്തിന് ഉദാഹരണമായി, ‘പശുവിന് നമുക്ക് പാൽ തരാൻ പ്രത്യേക ഉദ്ദേശ്യമോ കടമയോ ഇല്ല’ എന്ന് പറഞ്ഞിരുന്നു. ഈ ഭാഗം മാത്രമായി ചിലയിടത്ത് പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് പുതിയ പോസ്റ്റ് എന്നും മീനാക്ഷി വ്യക്തമാക്കി.

വിമർശനത്തിന് മീനാക്ഷിയുടെ മറുപടി
മീനാക്ഷിയുടെ ഈ പോസ്റ്റിന് താഴെ വന്ന ഒരു വിമർശനത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്.

“എന്തിനാണ് കുട്ടീ കൊച്ചു വായിൽ വലിയ വർത്തമാനങ്ങൾ പോസ്റ്റ് ആക്കി ഇടുന്നത്. ഭാവി ജീവിതത്തെക്കുറിച്ച് ആലോചിച്ചു ജീവിക്കൂ. 40 വയസ്സ് ആവട്ടെ, അപ്പോഴേക്കും ചർച്ച ചെയ്യാം. വ്യൂസ് ആണ് വേണ്ടതെങ്കിൽ ഒന്നും പറയാനില്ല,” എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

ഇതിന് മീനാക്ഷി നൽകിയ മറുപടി ഇങ്ങനെ: “ഇതൊന്നും വലിയ വർത്തമാനങ്ങളല്ല, അറിവുകൾ മാത്രമാണ്. അറിവുകൾക്ക് നമ്മെ മാറ്റിമറിക്കാൻ കഴിയും. ഈ അറിവുകൾ വഴി എനിക്കെന്റെ നായകളും മണിയൻ പൂച്ചയുമൊക്കെ കൂടുതൽ പ്രിയപ്പെട്ടവരാകുന്നു. പിന്നെ ഇപ്പോൾ (ഈ കാലത്ത്) അറിവുകൾ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു അഥവാ അപ്ഡേറ്റഡ് ആവുന്നു. ആ നിലയ്ക്ക് 40 വയസ്സിൽ വിഷയങ്ങളും വിവരങ്ങളും പാടെ മാറിയിട്ടുണ്ടാവും. കൂടുതൽ വ്യൂസ് ഉണ്ടായാൽ കൂടുതൽ ആൾക്കാരിലേയ്ക്ക് എത്തുക എന്നുകൂടിയുണ്ട്. ആ നിലയ്ക്ക് അതിഷ്ടവുമാണ്. ക്ഷമിക്കുമല്ലോ.”

മീനാക്ഷിയുടെ അഭിപ്രായത്തെ അനുകൂലിച്ചും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. വായിച്ചു വളരുന്നതിന്റെ ഗുണം മീനാക്ഷിയുടെ എഴുത്തുകൾക്ക് ഉണ്ടെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.