
മലയാള സിനിമയെ നടുക്കിയ നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെ നിരവധി പേർ വിധിക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദിലീപ് അഭിനയിക്കുന്ന ‘ഭഭബ’ എന്ന സിനിമയുടെ പോസ്റ്ററും ട്രെയിലറും പുറത്തുവന്നത്. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഡബ്ബിംഗ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മി മോഹൻലാലിനെതിരെ വിമർശനവുമായി രംഗത്തെത്തി. വിധി പ്രസ്താവിച്ച അതേ ദിവസമാണ് മോഹൻലാൽ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ ഭാഗ്യലക്ഷ്മി, “ഒരു നിമിഷം പോലും അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് ചിന്തിച്ചില്ലല്ലോ” എന്നായിരുന്നു പ്രതികരണം. “അവനുവേണ്ടിയും അവൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു” എന്ന മോഹൻലാലിന്റെ വാക്കുകൾ പരാമർശിച്ച അവർ, “ഇതെല്ലാം അയാൾ സൃഷ്ടിച്ചെടുത്ത ഒരു സാമ്പത്തിക സ്പെയ്സിന്റെ ഭാഗമാണെന്ന് നമ്മൾ കണ്ടു” എന്നും പറഞ്ഞു.
ഐഎഫ്എഫ്കെയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് ഈ പ്രതികരണം നടത്തിയത്.











