ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിൽ നിന്നും ഡിസ്റ്റിംഗ്ക്ഷനോടെ പാസായി എസ്തർ അനിൽ

ലണ്ടനിൽ നിന്നും ഡിഗ്രി നേടി, എസ്തർ അനിൽ

ദൃശ്യം’ സിനിമയിലൂടെ ശ്രദ്ധേയയായ നടി എസ്തർ അനിലിനു അക്കാദമിക് നേട്ടം. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിൽ നിന്നും ഡിസ്റ്റിംഗ്ക്ഷനോടെ ഡിഗ്രി പാസായിരിക്കുകയാണ് നടി എസ്തർ അനിൽ.  പഠനകാലത്തെ വെല്ലുവിളികളും മാതാപിതാക്കളുടെ അചഞ്ചലമായ പിന്തുണയെ കുറിച്ചും താരം പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഗ്രാജുവേഷൻ ഫോട്ടോകളും പുറത്തുവിട്ടിട്ടുണ്ട് ഒപ്പം ഒരു കുറിപ്പും. ഏതാനും വർഷങ്ങൾക്ക് മുൻപ് അച്ഛനാണ് തന്നോട് ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ അഡ്മിഷനെ കുറിച്ച് പറയുന്നത്. അദ്ദേഹത്തിന് അറിയാവുന്ന ഒരാളുടെ മകൾ അഡ്മിഷനായി പോവുകയാണ്. അവരോട് സംസാരിക്കുന്നത് നന്നാവും ഒരുപക്ഷേ എന്നെങ്കിലും തനിക്ക് അവിടെ പോകാമല്ലോന്ന് അച്ഛൻ പറഞ്ഞു.

ഉള്ളത് പറയാമല്ലോ, തന്നെ കളിയാക്കുകയാണോന്നാണ് അച്ഛനോട് താൻ ചോദിച്ചത്. തങ്ങളെ കൊണ്ട് സാധിക്കാത്തൊരു കാര്യമായിരുന്നു ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്. അവിടെ താൻ പോകുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ അച്ഛൻ എന്തിനാണ് സ്വപ്നം കാണുന്നതെന്ന് താൻ ചിന്തിച്ചു.

എന്റെ മാതാപിതാക്കളോട് എനിക്ക് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ അഡ്മിഷൻ കിട്ടിയ വിവരം ആദ്യം പറഞ്ഞിരുന്നില്ല. കാരണം അവർക്ക് അതിന്റെ ചെലവ് താങ്ങാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. എന്റെ രണ്ട് സഹോദരങ്ങളും വിദ്യാഭ്യാസ ലോണിലാണ് പഠിച്ചിരുന്നത്. എന്റെ കയ്യിലും അത്രയും പണമില്ലായിരുന്നു. എത്ര സഹായങ്ങളും ഗ്രാന്റുകളും ലഭിച്ചാലും അതൊരു വലിയ സാമ്പത്തിക ബാധ്യത തന്നെയായിരുന്നു. പക്ഷേ, അവർ പറഞ്ഞത് ഇത്രമാത്രം: ‘‘നിനക്ക് ഇത് എത്രത്തോളം ആവശ്യമാണെന്ന് ഞങ്ങൾക്കറിയാം. പണം എങ്ങനെയെങ്കിലും വരും. നീ പോയി പഠിക്കൂ’’.

എന്നാൽ സ്വന്തം മക്കൾക്ക് വേണ്ടി അവർ ഏതറ്റം വരെയും പോകും. അത് ചിലപ്പോഴൊക്കെ പേടിപ്പെടുത്തുന്നതാണ്. എങ്കിലും ഏതൊരു മക്കളും ആഗ്രഹിക്കുന്നത് ഇതുപോലൊരു പിന്തുണയാണ്. ലോകം കീഴ്മേൽ മറിഞ്ഞാലും കൂടെ നിൽക്കുന്ന മാതാപിതാക്കളെ… നന്ദി അപ്പാ, അമ്മാ, സ്വപ്നം കാണാനും അവയ്ക്ക് പിന്നാലെ പോകാനും പഠിപ്പിച്ചതിന് നന്ദി.

ഒടുവിൽ വർങ്ങൾക്കിപ്പുറം അപ്പയുടെ മകൾ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൻ്റെ മുന്നിൽ നിൽക്കുകയാണ്. ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റിൽ ബിരുദവും നേടി. ജീവിതം എന്നത് ഒരുപാട് മാന്ത്രികതകൾ നിറഞ്ഞതാണെന്ന് മനസിലായ നിമിഷങ്ങള്‍ എന്നാണ് എസ്തറിന്റെ വാക്കുകൾ.