
മലയാള സിനിമയിലെ അച്ഛനും മകനും ഒന്നിച്ചുള്ള നിമിഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ‘ഐ ആം ഗെയിം’ ലൊക്കേഷനിൽ മമ്മൂട്ടി സന്ദർശനം നടത്തിയ വാർത്തയാണ് സിനിമാലോകത്ത് ചർച്ചയാകുന്നത്.
‘ആർഡിഎക്സ്’ എന്ന സൂപ്പർ ഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സെറ്റിൽ എത്തിയ മമ്മൂട്ടി ഏറെ നേരം അവിടെ ചിലവഴിച്ചു. ദുൽഖറിനൊപ്പം തന്നെ ചിത്രത്തിലെ മറ്റ് താരങ്ങളായ മിഷ്‌കിൻ, കായദു ലോഹർ, സംയുക്ത വിശ്വനാഥൻ എന്നിവരോടും സംവിധായകൻ നഹാസിനോടും അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചു. കെജിഎഫ്, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തരായ അൻപറിവ് മാസ്റ്റേഴ്സാണ് ഈ ചിത്രത്തിന്റെ സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. സെറ്റിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ദുൽഖർ സൽമാന്റെ കരിയറിലെ 40-ാമത്തെ ചിത്രമായാണ് ‘ഐ ആം ഗെയിം’ ഒരുങ്ങുന്നത്. വെയ്ഫറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു മാസ്സ് ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിന് വേണ്ടി പ്രേക്ഷകർ വലിയ കാത്തിരിപ്പിലാണ്. ആന്റണി വർഗീസ്, കതിർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.











