
സെൻസർഷിപ്പ് വിവാദങ്ങൾക്കിടയിൽ നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ക്രിസ്മസ് റിലീസായി ഡിസംബർ 25 മുതലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ഒപ്പം തന്നെ ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ആദ്യമായി ഒരുമിക്കുന്ന ‘മിണ്ടിയും പറഞ്ഞും’ ക്രിസ്മസ് റിലീസായിട്ടാണ് എത്തുന്നത് . അരുൺ ബോസ് ആണ് ചിത്രത്തിന്‍റെ സംവിധാനം. പക്കാ ഫീൽഗുഡ് ഫാമിലി എൻ്റർടെയ്നർ ആണ് ചിത്രമെന്ന് ടീസറിൽ നിന്നും വ്യക്തം.വിവാഹത്തിന് മുൻപും ശേഷവുമുള്ള പ്രണയം തുറന്നുകാട്ടുന്ന ചിത്രമാണിത് . ഡിസംബർ 25 നു ചിത്രം റിലീസിന് എത്തും.

അതേസമയം ഷെയിൻ നിഗത്തിന്റെ ‘ഹാൽ’ ന്റെ ട്രെയ്‌ലർ ഡിസംബർ 20 ന് പുറത്തു വിടുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശവുമായി സെൻസർ ബോർഡ് എത്തിയതോടെയാണ് ചിത്രം ഏറെ വാർത്താപ്രാധാന്യം നേടിയത്.
ചിത്രത്തിൽ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പെടെ ആറിടങ്ങളാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർബോർഡ് നിർദ്ദേശിച്ചത്. സെൻസർ ബോർഡിന്‍റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹാലിന് പ്രദർശനാനുമതി നൽകണമെങ്കിൽ ആറിടങ്ങളിൽ വെട്ടിക്കുറയ്ക്കലുകൾ വരുത്തണമെന്ന സിബിഎഫ്സിയുടെ നിലപാടിൽ നാല് കട്ടുകൾ സിംഗിൾ ബെഞ്ച് റദ്ദാക്കി. ഇത് ചോദ്യം ചെയ്ത് കൊണ്ട് സിബിഎഫ്‌സിയും കാത്തലിക് കോൺഗ്രസും സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി ഇന്ന് തള്ളി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.











