
മെഗാസ്റ്റാർ മമ്മൂട്ടിയും ഹിറ്റ് സംവിധായകൻ ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്നു. ‘ഉണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും കൈകോർക്കുന്ന പുതിയ ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് നിർമ്മിക്കുന്നത്. മമ്മൂട്ടിയെന്ന നടനോടുള്ള ആദരമായാണ് ഈ ബിഗ് ബജറ്റ് മാസ് എന്റർടൈനർ ഒരുങ്ങുന്നത്.
‘മാർക്കോ’, ‘കാട്ടാളൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നിയോഗ് കൃഷ്ണ, സുഹാസ്, ഷർഫു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ‘തല്ലുമാല’, ‘ആലപ്പുഴ ജിംഖാന’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഖാലിദ് റഹ്മാൻ, മമ്മൂട്ടിക്കൊപ്പം വീണ്ടും ചേരുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
മലയാളത്തിന് പുറമെ ഇതര ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുമെന്നാണ് സൂചന. 2026-ൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ ചിത്രത്തിലെ മറ്റ് താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖരായ സാങ്കേതിക വിദഗ്ധർ ഈ ബൃഹദ് പ്രോജക്റ്റിന്റെ ഭാഗമാകുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
മമ്മൂട്ടി നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതും പൂർത്തിയാക്കാനുള്ളതുമായ പ്രോജക്റ്റുകൾക്ക് ശേഷമാകും ഈ ചിത്രത്തിൽ ജോയിൻ ചെയ്യുക. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയത്.











