മാസ്സ് ലുക്കിൽ വിജയ് ദേവരകൊണ്ട; പുതിയ ചിത്രം ‘റൗഡി ജനാർദ്ദന’യുടെ ടൈറ്റിൽ ഗ്ലിംപ്സ് പുറത്ത്!

തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ആവേശകരമായ പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചു. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ആരാധകർ കാത്തിരുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്. ‘റൗഡി ജനാർദ്ദന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന ഗ്ലിംപ്സ് വീഡിയോയും അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.

വിജയ് ദേവരകൊണ്ടയുടെ സിഗ്നേച്ചർ സ്റ്റൈലായ ‘റൗഡി’ ഇമേജിനെ ഊട്ടിയുറപ്പിക്കുന്ന ഒരു മാസ്സ് ആക്ഷൻ എന്റർടെയ്‌നറായിരിക്കും ഇതെന്നാണ് ഗ്ലിംപ്സ് നൽകുന്ന സൂചന. ഗ്രാമീണ പശ്ചാത്തലത്തിൽ പവർഫുൾ കഥാപാത്രമായാണ് താരം എത്തുന്നത്. രവി കിരൺ കോല സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള സിനിമകളിൽ ഒന്നായിരിക്കും.

ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. ‘അർജുൻ റെഡ്ഡി’ക്കും ‘ഗീതാ ഗോവിന്ദ’ത്തിനും ശേഷം വിജയ്യുടെ തകർപ്പൻ തിരിച്ചുവരവാകും ഈ ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടൈറ്റിൽ ഗ്ലിംപ്സിലെ പശ്ചാത്തല സംഗീതവും താരത്തിന്റെ ഇൻട്രാക്ഷനും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.