സിനിമയിലെ ‘ഡെലൂലു’വിന് കൈയടി; അനിയത്തിയെക്കുറിച്ച് ഹൃദു ഹാറൂണിന്റെ വൈകാരിക കുറിപ്പ്

കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഹൃദു ഹാറൂണും സഹോദരി റിയ ഷിബുവും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ എന്ന ചിത്രത്തിലെ റിയയുടെ പ്രകടനം കണ്ട ആവേശത്തിലാണ് സഹോദരൻ ഹൃദു. ചിത്രത്തിൽ ‘ഡെലൂലു’ എന്ന ക്യൂട്ട് പ്രേതമായി എത്തി പ്രേക്ഷകരുടെ മനം കവർന്ന റിയയെ പ്രശംസിച്ച് ഹൃദു പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

റിയയുടെ കുട്ടിക്കാലത്തെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഹൃദു തന്റെ സ്നേഹം പ്രകടിപ്പിച്ചത്. “നിന്റെ സഹോദരനായതിൽ ഞാൻ അഭിമാനിക്കുന്നു, ഒപ്പം ദൈവത്തോട് നന്ദിയുള്ളവനുമാണ്” എന്നായിരുന്നു ഹൃദുവിന്റെ വാക്കുകൾ. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ‘ഡെലൂലു’ എന്നും ഒപ്പം ‘മായ’ എന്നും ചേർത്താണ് ഹൃദു സഹോദരിയെ അഭിസംബോധന ചെയ്തത്. ഈ ഹൃദ്യമായ കുറിപ്പിന് “നന്ദി എന്റെ ഡെലൂലുവിന്” എന്ന് റിയ മറുപടിയും നൽകി.

ആരാണ് ഈ ‘ഡെലൂലു’? യുവതലമുറക്കിടയിൽ (Gen-Z) പ്രചാരത്തിലുള്ള ‘ഡെല്യൂഷണൽ’ (Delusional) എന്ന വാക്കിന്റെ ചുരുക്കപ്പേരാണ് ഡെലൂലു. ചിത്രത്തിൽ റിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്വഭാവവിശേഷങ്ങളുമായി ചേർന്നുനിൽക്കുന്നതിനാലാണ് ഈ പേര് നൽകിയിരിക്കുന്നത്. ഇതിനോടകം തന്നെ ഈ പേരും കഥാപാത്രവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

സിനിമ കുടുംബപശ്ചാത്തലം പ്രശസ്ത സിനിമാ നിർമ്മാതാവ് ഷിബു തമീൻസിന്റെ മകളാണ് റിയ. വെറും 19-ാം വയസ്സിൽ നിർമ്മാണ രംഗത്തേക്ക് കടന്നുവന്ന റിയ, അഭിനയത്തിലും തന്റേതായ ഇടം കണ്ടെത്തുകയാണ്. പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രത്തിലൂടെയും ‘മുറ’, ‘തഗ്‌സ്’ തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയനായ താരമാണ് ഹൃദു ഹാറൂൺ.

പിതാവ് വെട്ടിത്തുറന്ന പാതയിലൂടെ സഞ്ചരിക്കുമ്പോഴും അഭിനയത്തിലും നിർമ്മാണത്തിലും തങ്ങളുടേതായ മൗലികത കൊണ്ടുവരാൻ ഈ സഹോദരങ്ങൾക്ക് സാധിക്കുന്നുണ്ടെന്നാണ് സിനിമാ ലോകത്തെ സംസാരം. ‘സർവ്വം മായ’യിലെ പ്രകടനത്തിലൂടെ റിയ കൂടി ശ്രദ്ധിക്കപ്പെടുന്നതോടെ മലയാള സിനിമയിലെ കരുത്തുറ്റ സഹോദര സാന്നിധ്യമായി ഇവർ മാറുകയാണ്.