
വിജയ് ചിത്രം ‘ജനനായകൻ’ നേരിടുന്ന റിലീസ് പ്രതിസന്ധികൾക്കിടയിൽ, ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ‘പരാശക്തി’ക്ക് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചു. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചിത്രത്തിന് ‘യു/എ’ (U/A) സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പൊങ്കൽ റിലീസായി നാളെ (ജനുവരി 10) ചിത്രം തിയറ്ററുകളിൽ എത്തും.
സെൻസർ ബോർഡുമായുള്ള നീണ്ട തർക്കങ്ങൾക്കൊടുവിലാണ് ചിത്രത്തിന് അനുമതി ലഭിച്ചത്. നേരത്തെ നിർദ്ദേശിച്ച 23 മാറ്റങ്ങൾക്ക് പുറമെ 15 കട്ടുകൾ കൂടി അധികമായി സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. 1960-കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമായതിനാൽ, രാഷ്ട്രീയപരമായി സെൻസിറ്റീവ് ആയ പല രംഗങ്ങളും ഒഴിവാക്കാനായിരുന്നു ബോർഡിന്റെ നിർദ്ദേശം. ഇതിനെതിരെ സംവിധായിക സുധ കൊങ്കര റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കുകയും ചെയ്തു.
രണ്ട് മണിക്കൂർ 42 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ശിവകാർത്തികേയന്റെ കരിയറിലെ 25-ാം ചിത്രമായ ഇതിൽ ജയം രവി, ശ്രീലീല, അഥർവ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജി.വി. പ്രകാശ് കുമാർ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഗോകുലം മൂവീസിനാണ്.
വിജയ് ചിത്രം ‘ജനനായകൻ’ രാഷ്ട്രീയ വിവാദങ്ങളിൽ കുരുങ്ങി റിലീസ് മാറ്റിവെച്ച സാഹചര്യത്തിൽ, ശിവകാർത്തികേയന്റെ ‘പരാശക്തി’ക്ക് ലഭിച്ച ഈ ക്ലിയറൻസ് തമിഴ് സിനിമാ ലോകത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. വലിയ മുതൽമുടക്കിൽ നിർമ്മിച്ച ഈ പീരിയഡ് ഡ്രാമ മികച്ച രീതിയിലുള്ള അഡ്വാൻസ് ബുക്കിംഗുമായി തിയറ്ററുകളിലേക്ക് കുതിക്കുകയാണ്.











