‘പാമ്പ് കടിച്ചാൽ ആദ്യം ചൊറിയും’; ‘എക്കോ’യിൽ ഞെട്ടിച്ച രംഗം, രഞ്ജിത് ശേഖർ

സോമൻ എന്ന ലോറി ക്ലീനറുടെ വേഷമാണ് സൂപ്പർ ഹിറ്റ് സിനിമ എക്കോയിൽ രഞ്ജിത് ശേഖർ ചെയ്തത്. ചിത്രത്തിൽ പാമ്പ് കടിക്കുന്ന രംഗമായിരുന്നു തനിക്ക് പെർഫോം ചെയ്യാൻ കിട്ടിയ ഏറ്റവും വലിയ സ്പേസ് എന്നും ആ രംഗം തനിക്ക് വലിയൊരു വെല്ലുവിളിയായിരുന്നു എന്നും രഞ്ജിത് പറയുന്നു.

പാമ്പ് കടിയേറ്റാൽ എന്താണ് സംഭവിക്കുന്നതെന്നതിന് തനിക്ക് റെഫറൻസ് ഇല്ലായിരുന്നു. അതുകൊണ്ട് താൻ റിസർച്ച് ചെയ്തു. പാമ്പ് കടിച്ചാൽ കടിയേറ്റ ഭാഗത്ത് ആദ്യം വലിയ ചൊറിച്ചിൽ വരുമെന്നും, പിന്നീട് പേടി കൊണ്ട് വിഷം രക്തത്തിൽ പടർന്ന് ഓരോ അവയവങ്ങളായി നിശ്ചലമായിട്ടാണ് മരണം സംഭവിക്കുന്നതെന്നും മനസ്സിലായി. താൻ അതെല്ലാം സ്ക്രിപ്റ്റിലേക്ക് കൊണ്ടുവന്നു.

സംവിധായകൻ ദിൻജിത് അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം തനിക്ക് നൽകി. എങ്ങനെയാണ് ചെയ്യാൻ പോകുന്നതെന്ന് ചോദിക്കും. താൻ എങ്ങനെയെന്ന് പറയുമ്പോൾ ദിൻജിത്ത് ഓക്കേ പറയും. ഒരു നടനെന്ന നിലയിൽ തനിക്ക് വലിയ സംതൃപ്തി നൽകിയ രംഗമാണതെന്നും രഞ്ജിത് കൂട്ടിച്ചേർക്കുന്നു.

തിരക്കഥാകൃത്ത് ബാഹുൽ രമേശ് എഴുതിവച്ച കാര്യങ്ങൾ എത്രത്തോളം മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാം എന്നതിൽ ദിൻജിത്ത് വലിയ ശ്രദ്ധ നൽകിയിരുന്നു. ദിൻജിത്ത് ഒരു സീൻ ഷൂട്ട് ചെയ്യുമ്പോൾ അഭിനേതാക്കളുടെ പ്രകടനത്തിലെ ഏറ്റവും ചെറിയ കാര്യങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിക്കും. വെറുതെ സീൻ ഷൂട്ട് ചെയ്തു പോകുന്നതിന് പകരം അതിന് പുതിയൊരു മാനം നൽകാൻ അദ്ദേഹം ശ്രമിക്കും. പാമ്പ് കടിയേൽക്കുന്ന രംഗം എങ്ങനെ അവതരിപ്പിക്കണം എന്നതിൽ എനിക്ക് അദ്ദേഹം പൂർണ്ണ സ്വാതന്ത്ര്യം നൽകി.

ബാഹുൽ രമേശ് എഴുതിയ സങ്കീർണ്ണമായ തിരക്കഥയെ അതിന്റെ തീവ്രത ഒട്ടും ചോർന്നുപോകാതെ ദൃശ്യവൽക്കരിക്കുന്നതിൽ ദിൻജിത്ത് വിജയിച്ചു. ക്യാമറ ആംഗിളുകളിലും ലൈറ്റിംഗിലും മാത്രമല്ല, ഓരോ നടനും എങ്ങനെ പെരുമാറണം എന്നതിലും ദിൻജിത്തിനു കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. ബാഹുൽ വിഭാവനം ചെയ്ത ‘എക്കോ’യുടെ ലോകത്തെ അത്രമേൽ സത്യസന്ധമായി സ്ക്രീനിലേക്ക് എത്തിച്ചത് ദിൻജിത്തിന്റെ സംവിധാന മികവാണെന്നും രഞ്ജിത് കൂട്ടിച്ചേർക്കുന്നു.