
രൺവീർ സിങ് നായകനായെത്തിയ ബോളിവുഡ് ചിത്രം ധുരന്ധർ ബോക്സ് ഓഫീസ് റെക്കോഡുകളെല്ലാം തകർത്ത് കുതിപ്പ് തുടരുകയാണ്. ആയിരം കോടി കടന്നിരിക്കുകയാണ് സിനിമയിപ്പോൾ. ഇപ്പോഴിതാ ധുരന്ധറിന്റെ സംവിധായകൻ ആദിത്യ ധറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശൻ. ഹിന്ദിയിലും പ്രിയദർശൻ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആ സമയത്ത് പ്രിയദർശന്റെ സംവിധാന സഹായിയായിരുന്നു ആദിത്യ. ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു പ്രിയദര്‍ശന്റെ പോസ്റ്റ്.
എന്റെ ശിഷ്യൻ ഇത്രയും വലിയ വിജയങ്ങൾ നേടുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം വേറെയില്ല. അഭിനന്ദനങ്ങൾ ആദിത്യ ധർ. ധുരന്ധർ 2ന് ഹൃദയം നിറഞ്ഞ ആശംസകൾ’ എന്നായിരുന്നു പ്രിയദർശന്റെ കുറിപ്പ്. ഈ വാക്കുകൾക്ക് ആദിത്യ പ്രിയദർശന് നന്ദിയും അറിയിച്ചിട്ടുണ്ട്. തന്റെ വഴികാട്ടിയാണ് പ്രിയദർശനെന്നാണ് ആദിത്യയുടെ വാക്കുകൾ. “ഞാൻ ആരുമല്ലാതിരുന്ന സമയത്തും നിങ്ങൾ എന്നിൽ വിശ്വസിച്ചു… ഈ വിജയം എത്രയാണോ അത് നിങ്ങൾക്കും അവകാശപ്പെട്ടതാണ് ആദിത്യ കുറിച്ചു.
അതേസമയം 2019ൽ പുറത്തിറങ്ങിയ ‘ഉറി: ദ് സർജിക്കൽ സ്ട്രൈക്ക് ’ ആണ് ആദിത്യ ധർ സംവിധാനം ചെയ്ത ആദ്യ സിനിമ. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ ആദിത്യ ധർ നേടിയിരുന്നു. ആദിത്യ ധർ പ്രിയദർശന്റെ തന്നെ ‘ആക്രോശ്’, ‘തേസ്’ എന്നീ ചിത്രങ്ങൾക്ക് സംഭാഷണം ഒരുക്കിയിട്ടുണ്ട്.
രൺവീർ സിങ്ങിനെ നായകനാക്കി ഒരുക്കിയ സ്പൈ–ആക്ഷൻ ത്രില്ലർ ചിത്രം ‘ധുരന്ധർ’ 1230 കോടി ആഗോള കളക്ഷൻ നേടി പ്രദർശനം തുടരുകയാണ്. രൺവീര്‍ സിങ്ങിനൊപ്പം അക്ഷയ് ഖന്ന, അർജുൻ രാംപാൽ, ആര്‍. മാധവൻ, സാറ അർജുൻ എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രണ്ടാംഭാഗം മാർച്ചിൽ റിലീസ് ചെയ്യും.











