വേട്ട തുടങ്ങുന്നു; ആന്റണി വർഗീസിന്റെ ‘കാട്ടാളൻ’ മെയ് 14-ന് തിയേറ്ററുകളിലെത്തും

ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം ‘കാട്ടാളൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 2026 മെയ് 14-ന് ചിത്രം പ്രദർശനത്തിനെത്തും. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയാണ്. സിനിമയുടെ ആകാംക്ഷ വർദ്ധിപ്പിച്ചുകൊണ്ട് ഔദ്യോഗിക ടീസർ ജനുവരി 16-ന് പുറത്തിറങ്ങുമെന്നും അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചു.

ആനക്കൊമ്പ് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് ‘കാട്ടാളൻ’. വാഗമണ്ണിലെ നിർണ്ണായകമായ ചിത്രീകരണ ഷെഡ്യൂൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് ലോകപ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ കെച്ച കെംബഡികെ ആണ്. തായ്‌ലന്റിലെ കാടുകളിൽ നടന്ന ചിത്രീകരണത്തിനിടെ ആന്റണി വർഗീസിന് പരിക്കേറ്റ വാർത്തകൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു.

തമിഴ് താരം ദുഷാര വിജയൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ തെലുങ്ക് താരം സുനിൽ, കബീർ ദുഹാൻ സിംഗ്, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കന്നഡയിലെ പ്രശസ്ത സംഗീത സംവിധായകൻ ബി. അജനീഷ് ലോകനാഥാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഉണ്ണി ആർ. സംഭാഷണങ്ങൾ നിർവ്വഹിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും പോൾ ജോർജ്ജ്, ജോബി വർഗീസ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് തയ്യാറാക്കിയത്.

മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ഈ പാൻ-ഇന്ത്യൻ പ്രോജക്റ്റ് 2026-ലെ വേനലവധി കാലത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘മാർക്കോ’ എന്ന ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് പുറത്തിറക്കുന്ന സിനിമ എന്ന നിലയിൽ സാങ്കേതികമായി ഏറെ മുന്നിട്ടുനിൽക്കുന്ന ഒരു ദൃശ്യവിസ്മയമായിരിക്കും ‘കാട്ടാളൻ’.