
യഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 8-നാണ് ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ടീസറിലെ യഷിന്റെ ‘റയ’ എന്ന കഥാപാത്രത്തിന്റെ ഇൻട്രോയും അതിലെ ഒരു ഗ്ലാമറസ് രംഗവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. ഈ വിവാദങ്ങൾക്കിടയിലാണ് വർഷങ്ങൾക്ക് മുമ്പ് താരം നൽകിയ ഒരു അഭിമുഖം വീണ്ടും ചർച്ചകളിൽ നിറയുന്നത്.
കന്നഡയിലെ പ്രമുഖ ടോക്ക് ഷോയായ ‘വീക്കെൻഡ് വിത്ത് രമേഷ്’ എന്ന പരിപാടിയിൽ യഷ് പങ്കെടുത്തപ്പോഴുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. കുടുംബത്തോടൊപ്പമോ മാതാപിതാക്കൾക്കൊപ്പമോ ഇരുന്നു കാണാൻ കഴിയാത്ത അശ്ലീലമോ അസ്വസ്ഥതയുണ്ടാക്കുന്നതോ ആയ സീനുകളിൽ താൻ അഭിനയിക്കില്ലെന്ന് അന്ന് യഷ് പറഞ്ഞിരുന്നു. “എന്റെ മാതാപിതാക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ മടിയുള്ള ഒരു രംഗവും സിനിമയിൽ ചെയ്യില്ല” എന്നായിരുന്നു താരത്തിന്റെ അന്നത്തെ വാക്കുകൾ. എന്നാൽ ‘ടോക്സിക്’ ടീസറിലെ ബോൾഡ് രംഗം താരത്തിന്റെ പഴയ നിലപാടിന് വിരുദ്ധമാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.
അതേസമയം, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ കർണാടക വനിതാ കമ്മീഷനിൽ പരാതിയും ലഭിച്ചിട്ടുണ്ട്. ടീസറിലെ രംഗങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടിയുടെ വനിതാ വിഭാഗമാണ് പരാതി നൽകിയത്. ടീസർ ഉടൻ നീക്കം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. സെൻസർ ബോർഡിനും ഇതുസംബന്ധിച്ച പരാതികൾ ലഭിച്ചിട്ടുണ്ട്.
എന്നാൽ ഒരു നടൻ എന്ന നിലയിൽ യഷ് വളരുകയാണെന്നും സിനിമയുടെ പ്രമേയത്തിന് അനുയോജ്യമായ രീതിയിലാണ് അദ്ദേഹം അഭിനയിക്കുന്നതെന്നും ആരാധകർ വാദിക്കുന്നു. കെജിഎഫ് സീരീസിന് ശേഷം യഷ് അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘ടോക്സിക്’ 2026 മാർച്ച് 19-ന് തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിക്കുന്ന സിനിമയിൽ നയൻതാര, കിയാര അദ്വാനി തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്.











