
മലയാളത്തിൽ മികച്ച വിജയം കൈവരിച്ച ‘എക്കോ’ (Eko) എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തെ പ്രശംസിച്ച് തമിഴ് സൂപ്പർ താരം ധനുഷ്. ചിത്രം ഒരു ‘മാസ്റ്റർപീസ്’ ആണെന്നാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ താരം വിശേഷിപ്പിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി ബിയാന മോമിന്റെ പ്രകടനം ലോകോത്തര നിലവാരമുള്ളതാണെന്നും അഭിനയത്തിനുള്ള ഏറ്റവും വലിയ ബഹുമതികൾ അവർ അർഹിക്കുന്നുണ്ടെന്നും ധനുഷ് കുറിച്ചു.
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ഈ ചിത്രം തീയേറ്ററുകളിലെ വലിയ വിജയത്തിന് ശേഷം ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. വൻ താരനിരയില്ലാതെ എത്തിയ ചിത്രം അതിന്റെ മികച്ച തിരക്കഥയിലൂടെയും സാങ്കേതിക തികവിലൂടെയുമാണ് ശ്രദ്ധിക്കപ്പെട്ടത്. ധനുഷിനെ കൂടാതെ പ്രശസ്ത ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കും സിനിമയെയും സംവിധായകന്റെ മികവിനെയും അഭിനന്ദിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.
ധനുഷിന്റെ അഭിനന്ദനത്തിന് നന്ദി അറിയിച്ചുകൊണ്ട് ‘എക്കോ’ സിനിമയുടെ അണിയറ പ്രവർത്തകരും പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. സന്ദീപ് പ്രദീപ്, വിനീത്, നരേൻ, ബിയാന മോമിൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേശാണ്. ഇതിനോടകം തന്നെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ഈ കൊച്ചു ചിത്രം ഇതര ഭാഷാ സിനിമാ പ്രവർത്തകരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത് മലയാള സിനിമയ്ക്ക് അഭിമാനകരമായ നേട്ടമായി മാറുകയാണ്.











