
മലയാള സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജയസൂര്യ ചിത്രമാണ് ‘കത്തനാർ: ദി വൈൽഡ് സോർസറർ’. ചിത്രത്തിന്റെ ട്രെയിലർ ഇതുവരെ ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ലെങ്കിലും, അത് കാണാൻ തനിക്ക് അവസരം ലഭിച്ചുവെന്നും കണ്ട കാര്യങ്ങൾ അവിശ്വസനീയമാണെന്നുമാണ് സംവിധായകൻ അഖിൽ സത്യൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മലയാള സിനിമ ഇതുവരെ എത്തിച്ചേരാത്ത സാങ്കേതിക തികവിലേക്കും ദൃശ്യവിസ്മയത്തിലേക്കുമാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഹോം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏകദേശം 75 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ സാങ്കേതിക മികവിനെ പ്രശംസിച്ച അഖിൽ സത്യൻ, സംവിധായകൻ റോജിൻ തോമസിനെയും ഛായാഗ്രാഹകൻ നീൽ ഡി കുഞ്ഞയെയും അഭിനന്ദിക്കാനും മറന്നില്ല. നമ്മൾ പ്രതീക്ഷിക്കുന്നതിലും എത്രയോ മുകളിലാണ് സിനിമയുടെ മേക്കിംഗ് എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങി 15 ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ സിനിമയായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അനുഷ്ക ഷെട്ടി, പ്രഭുദേവ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ത്രീഡിയിൽ ഒരുങ്ങുന്ന ഈ ഫാന്റസി ആക്ഷൻ ത്രില്ലർ മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് അഖിൽ സത്യന്റെ പ്രതികരണത്തോടെ ആരാധകരും ഉറച്ചു വിശ്വസിക്കുന്നത്.
ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം 2026-ലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കും. അഖിൽ സത്യന്റെ വാക്കുകൾ വൈറലായതോടെ കത്തനാരുടെ ട്രെയിലർ എന്നെത്തുമെന്ന ആകാംക്ഷയിലാണ് സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികൾ.











