
മലയാള സിനിമയിലെ ആദ്യത്തെ പൂർണ്ണരൂപത്തിലുള്ള റെസ്‌ലിങ് ആക്ഷൻ കോമഡി ചിത്രമായ ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വേൾഡ് റെസ്‌ലിങ് എന്റർടൈൻമെന്റ് (WWE) മാതൃകയിലുള്ള പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ അണ്ടർഗ്രൗണ്ട് റെസ്‌ലിങ് ലോകത്തിന്റെ ആവേശവും നിഗൂഢതയും ദൃശ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.
ട്രെയിലറിലെ ഏറ്റവും വലിയ സസ്പെൻസ് അവസാന നിമിഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ‘വാൾട്ടർ’ എന്ന കഥാപാത്രമാണ്. കഥാപാത്രത്തിന്റെ മുഖം പൂർണ്ണമായി വെളിപ്പെടുത്തുന്നില്ലെങ്കിലും, ആ രൂപവും ശബ്ദവും മെഗാസ്റ്റാർ മമ്മൂട്ടിയുടേതാണെന്ന നിഗമനത്തിലാണ് ആരാധകർ. തങ്ങളുടെ പഴയ ക്യാപ്റ്റനായ വാൾട്ടറുടെ സ്വപ്നം പൂർത്തിയാക്കാൻ ഇറങ്ങിത്തിരിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് സിനിമയെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. മമ്മൂട്ടിയുടെ സാന്നിധ്യം ചിത്രത്തിന്റെ ഹൈപ്പ് വർദ്ധിപ്പിച്ചിരിക്കുകയാണ്.
അർജുൻ അശോകൻ ‘ലോക്കോ ലോബോ’ എന്ന കഥാപാത്രമായും റോഷൻ മാത്യു ‘വെട്രി’യായും വേഷമിടുന്നു. ഇതിഹാസ സംഗീത കൂട്ടുകെട്ടായ ശങ്കർ-ഇഹ്സാൻ-ലോയ് ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതം നൽകുന്നു എന്ന വലിയ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനുവരി 22-ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായി എത്തും.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സിദ്ദിഖ്, ലക്ഷ്മി മേനോൻ, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ‘ചത്താ പച്ച’, കേരളത്തിലെ റെസ്‌ലിങ് പ്രേമികൾക്കും സിനിമാ ആരാധകർക്കും ഒരു പുതിയ ദൃശ്യവിരുന്നായിരിക്കും സമ്മാനിക്കുക.











