ചത്താ പച്ചയുടെ ആദ്യ ടിക്കറ്റ് മോഹൻലാലിന്; പടത്തിൽ ഇക്ക ഉണ്ടെന്ന് ഉറപ്പിച്ച് ഏട്ടൻ

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്‌റ്റൈൽ ആക്ഷൻ കോമഡി ചിത്രമായെത്തുന്ന ചത്താ പച്ച – റിങ് ഓഫ് റൗഡീസിന്റെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി മോഹൻലാൽ.

അദ്ദേഹം ഉൾപ്പെടുന്ന പ്രോമോ വീഡിയോ പുറത്ത് വിട്ടുകൊണ്ട് ചത്താ പച്ച ടീം ആണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും ഇതോടെ ആരംഭിച്ചിട്ടുണ്ട്.

വീഡിയോയിൽ മോഹൻലാൽ പറഞ്ഞ വാക്കുകളും സാമൂഹികമാധ്യമങ്ങളിൽ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചത്താ പച്ചയിൽ തന്റെ അടുത്ത കൂട്ടുകാരനും അഭിനയിക്കുന്നുണ്ട് എന്നാണ് മോഹൻലാൽ പറഞ്ഞത്.

ഇതോടെ, ചിത്രത്തിൽ അതിഥി താരമായി മെഗാതാരം മമ്മൂട്ടി എത്തുമെന്ന അഭ്യൂഹം ശക്തമായി. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രം ജനുവരി 22 വ്യാഴാഴ്ച ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ് അദ്വൈത് നായർ.