
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘മാ വന്ദേ’ എന്ന ബിഗ് ബജറ്റ് ചിത്രം ഇന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചയാവുകയാണ്. ഏകദേശം 400 കോടി രൂപയുടെ ബൃഹത്തായ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് ഏറ്റവും പുതിയ വിവരം. മലയാള താരം ഉണ്ണി മുകുന്ദൻ നരേന്ദ്ര മോദിയായി വേഷമിടുന്ന ഈ ചിത്രം പാൻ-ഇന്ത്യൻ തലത്തിലാണ് നിർമ്മിക്കുന്നത്. സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ എം. വീർ റെഡ്ഡിയാണ് സിനിമയുടെ നിർമ്മാണം.
പ്രധാനമന്ത്രിയുടെ രാഷ്ട്രീയ വളർച്ചയെക്കാൾ ഉപരിയായി, ഒരു മകനും അമ്മയും തമ്മിലുള്ള വൈകാരിക ബന്ധത്തിനും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾക്കുമാണ് സിനിമയിൽ മുൻഗണന നൽകുന്നത്. സി.എച്ച്. ക്രാന്തി കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആഗോള നിലവാരത്തിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് താരം ജേസൺ മോമോവ ഉൾപ്പെടെയുള്ളവർ സിനിമയുടെ ഭാഗമായേക്കുമെന്ന് സൂചനകളുണ്ട്. രവീണ ടണ്ടൻ, ജഗപതി ബാബു, ശരത് കുമാർ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
സാങ്കേതിക മികവിന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാതെയാണ് ‘മാ വന്ദേ’ അണിയറയിൽ ഒരുങ്ങുന്നത്. സാബു സിറിൾ പ്രൊഡക്ഷൻ ഡിസൈനും, കെ.കെ. സെന്തിൽ കുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. റവി ബസ്രൂറാണ് സംഗീതം. വിപുലമായ വിഎഫ്എക്സ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രം ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ പുറത്തിറങ്ങും. ചിത്രത്തിന്റെ അടുത്ത ഘട്ട ചിത്രീകരണം ഉടൻ തന്നെ കശ്മീരിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.











