
മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോ ടൊവിനോ തോമസിന്റെ പിറന്നാളാണിന്ന്. ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് അടുത്ത സുഹൃത്തും സംവിധായകനും നടനുമായ ബേസിൽ ജോസഫ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഹാപ്പി ബർത്ത്ഡേ ശ്രീക്കുട്ടൻ വെള്ളായണി,” എന്നാണ് ബേസിലിന്റെ ആശംസ. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രമായ ‘അതിരടി’യിലെ ടൊവിനോ കഥാപാത്രത്തിന്റെ പേരാണ് ശ്രീക്കുട്ടൻ വെള്ളായണി. ഒരു ഗായകനായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.
അതേസമയം, ബേസിലിന് ഇത്തവണ എന്തുപറ്റി? ഇതല്ലല്ലോ പതിവ്? എന്നൊക്കെയാണ് ആരാധകരുടെ കമന്റ്. ജന്മദിനത്തിൽ പലപ്പോഴും പരസ്പരം ട്രോളി കൊണ്ടുള്ള രസകരമായ പോസ്റ്റുകളാണ് ഇരുവരും പങ്കുവയ്ക്കാറുള്ളത്. സിനിമാപാരമ്പര്യമൊന്നുമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരിടം നേടിയെടുത്ത താരമാണ് നടൻ ടൊവിനോ തോമസ്. എഞ്ചിനീയറായിരുന്ന ടൊവിനോ ജോലി ഉപേക്ഷിച്ചാണ് തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്ന് നായകപദവിയോളം എത്തിയ ടൊവിനോ തോമസ് ഇന്ന് മലയാളസിനിമയുടെ ശ്രദ്ധേയ മുഖങ്ങളിൽ ഒന്നാണ്.











