‘പണം ഇൻവെസ്റ്റ് ചെയ്യാൻ പേടിയാണ്, സിനിമയിൽ വരുമ്പോൾ വേണ്ടത് തൊലിക്കട്ടിയാണ്’; തുറന്നുപറഞ്ഞ് നിഖില വിമൽ

പണം നിക്ഷേപിച്ച് ഇരട്ടിയാക്കുന്നതിനേക്കാൾ കൈയിലുള്ള പണം നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തനിക്ക് താൽപര്യമെന്ന് നടി നിഖില വിമൽ. പണം നിക്ഷേപിക്കുന്ന കാര്യത്തിൽ തനിക്കും അമ്മയ്ക്കും ഭയമുണ്ടെന്നും സമ്പാദ്യം കൈവിടാതിരിക്കാനാണ് ശ്രമിക്കാറുള്ളതെന്നും താരം പറഞ്ഞു. രേഖ മേനോന്റെ ‘എഫ്ടിക്യു വിത്ത് രേഖ മേനോൻ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിഖിലയുടെ തുറന്നുപറച്ചിൽ.

പണം ചെലവഴിക്കുന്ന കാര്യത്തിൽ താൻ പിശുക്കിയാണെന്നും എന്നാൽ പണം വളർത്താനുള്ള കാര്യങ്ങളിൽ വലിയ ആത്മവിശ്വാസമില്ലെന്നും നിഖില പറഞ്ഞു. അഞ്ച് ലക്ഷം രൂപ കൈയിലുണ്ടെങ്കിൽ അത് നിക്ഷേപിച്ച് പത്ത് ലക്ഷമാക്കുന്നതിനേക്കാൾ ആ തുക നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് താനും അമ്മയും ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി.

“ഞാൻ ഓൾഡ് സ്കൂളാണ്. അഞ്ച് ലക്ഷം രൂപ കൈയിലുണ്ടെങ്കിൽ അത് ഇൻവെസ്റ്റ് ചെയ്ത് പത്ത് ലക്ഷമാക്കണമെന്ന് പറഞ്ഞാൽ എനിക്കും അമ്മയ്ക്കും പേടിയാണ്. ആ പണം കൈയിൽനിന്ന് പോകാതിരിക്കാൻ ശ്രമിക്കും. ഉള്ള അഞ്ച് ലക്ഷം രൂപയുമായി മരിക്കാം, അത് പത്തോ ഇരുപതോ ലക്ഷമാക്കണമെന്നില്ല. അത്രത്തോളം പേടിയാണ്,” നിഖില പറഞ്ഞു.

നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉപദേശം തേടാറുണ്ടെന്നും എന്നാൽ അതിന്റെ സങ്കീർണതകൾ വിശദീകരിക്കാതെ സഹായിക്കണമെന്നാണ് ആവശ്യപ്പെടാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു. നിക്ഷേപത്തിൽ നഷ്ടസാധ്യതയുണ്ടെന്ന് കേട്ടാൽ പലപ്പോഴും അതിൽനിന്ന് പിന്മാറുമെന്നും നിഖില പറഞ്ഞു.

അതേസമയം, തനിക്ക് ലഭിക്കാനുള്ള പണം തിരിച്ചുപിടിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ലെന്നും താരം വെളിപ്പെടുത്തി. പണം തിരികെ ലഭിച്ചില്ലെങ്കിൽ അത് കിട്ടുന്നതുവരെ ബന്ധപ്പെട്ടവരെ ഓർമിപ്പിച്ചുകൊണ്ടിരിക്കുമെന്നും നിഖില പറഞ്ഞു. പണം ചോദിക്കാൻ മടിക്കില്ലെന്നും ചിലപ്പോൾ മറ്റുള്ളവർക്ക് നാണക്കേടുണ്ടാകുന്ന സാഹചര്യത്തിൽ വിഷയം ഉന്നയിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ പ്രധാന ഗുണങ്ങളിലൊന്ന് തൊലിക്കട്ടിയാണെന്നും നിഖില അഭിപ്രായപ്പെട്ടു. സിനിമയിലെത്തുമ്പോൾ ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള മനക്കരുത്ത് ഉണ്ടായിരിക്കണം. അനുഭവസമ്പത്തുള്ളവർക്ക് അതിലും വലിയ തൊലിക്കട്ടിയുണ്ടാകുമെന്നും താരം പറഞ്ഞു.

“നിങ്ങൾ മൈക്ക് ഓഫ് ചെയ്ത് പറഞ്ഞാൽ ഞാനത് മൈക്കിലൂടെ പറയും. അങ്ങനെ പറയുമ്പോൾ അവർക്ക് നാണക്കേടാകും. അതോടെ പലരും എനിക്ക് പണം തിരികെ തരും. എന്റെ പണം എന്തുകൊണ്ട് തന്നില്ലെന്ന് നേരിട്ട് ചോദിക്കുന്നതിന് പകരം, പറയാൻ പാടില്ലാത്ത ഒരു സ്ഥലത്ത് പോയി ഞാനത് പറയും,” എന്നായിരുന്നു നിഖിലയുടെ വാക്കുകൾ. പണത്തോടുള്ള സമീപനത്തെക്കുറിച്ചും സിനിമാ മേഖലയിൽ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളെക്കുറിച്ചുമുള്ള നിഖിലയുടെ ഈ തുറന്നുപറച്ചിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.