
ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡിസ്കോ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഇതിന്നോ ആദാമേ..’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയതോടെ ശ്രദ്ധ നേടുന്നത് ചെമ്പൻ വിനോദ് ജോസിന്റെ തകർപ്പൻ പ്രകടനമാണ്. മാർഗംകളിപ്പാട്ടിന്റെ താളവും റാപ്പിന്റെ ബീറ്റും സമന്വയിപ്പിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മണികണ്ഠൻ അയ്യപ്പയാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
സുഹൈൽ കോയയും ലെമയും ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ഹിംന ഹിളാരി, ഹിനിത ഹിളാരി, നൗഷാദ് തൃശ്ശൂർ, മണികണ്ഠൻ അയ്യപ്പ, റോക്കി ഫുവോക്കോ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും അബിൻ പോൾ നിർവഹിച്ചു. നാടൻ താളങ്ങളും ആധുനിക സംഗീതശൈലിയും കോർത്തിണക്കിയ ഡാൻസ് നമ്പറായാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ഉല്ലാസ് ചെമ്പന്റെ സഹോദരനും നടനും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ് ജോസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിനുശേഷം ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന സിനിമയെന്ന പ്രത്യേകതയും ‘ഡിസ്കോ’യ്ക്കുണ്ട്. ആന്റണി വർഗീസ് പെപ്പെയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചെമ്പൻ വിനോദ് ജോസ്, ദേവ് മോഹൻ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവൻ, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, വിനീത് തട്ടിൽ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആദ്യ ഗാനത്തിലൂടെ തന്നെ വ്യത്യസ്തമായ സംഗീതാനുഭവം സമ്മാനിക്കുന്ന ‘ഡിസ്കോ’യുടെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.












