മമ്മൂട്ടിയുടെ പേര് പോലും തെറ്റിച്ചു! ‘കളങ്കാവൽ’ സിനിമയിലെ അക്ഷരത്തെറ്റുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

കൊച്ചി: മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം ‘കളങ്കാവൽ’ ഒടിടിയിൽ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിലെ അണിയറപ്രവർത്തകരുടെ ലിസ്റ്റിലെ അക്ഷരത്തെറ്റുകൾ വലിയ ചർച്ചയാകുന്നു. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടൈറ്റിൽ കാർഡുകളിലും ക്രെഡിറ്റ് ലിസ്റ്റിലുമാണ് ഗുരുതരമായ സാങ്കേതിക പിഴവുകൾ സംഭവിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ നായകനും നിർമ്മാതാവുമായ മമ്മൂട്ടിയുടെ (Mammootty) പേര് പോലും തെറ്റായാണ് ക്രെഡിറ്റ് ലിസ്റ്റിൽ നൽകിയിരിക്കുന്നത്. ഇംഗ്ലീഷിൽ മമ്മൂട്ടിയുടെ പേര് എഴുതുമ്പോൾ രണ്ട് ‘ഒ’ വേണമെന്നിരിക്കെ, ചിത്രത്തിൽ ‘Mammotty’ എന്നാണ് എഴുതിയിരിക്കുന്നത്. ഇത് കൂടാതെ പൃഥ്വിരാജ് സുകുമാരൻ എന്നതിന് പകരം ‘സുകുമാർ’ എന്നും നടൻ കുഞ്ചന്റെ പേരും തെറ്റായാണ് നൽകിയിട്ടുള്ളത്.

സാങ്കേതിക പദങ്ങളായ ഡിസൈൻ (Design), പ്രൊഡക്ഷൻ (Production), സിനിമാറ്റോഗ്രാഫേഴ്സ് (Cinematographers), ബാക്ക്ഗ്രൗണ്ട് (Background) തുടങ്ങിയ വാക്കുകളിലും നിരവധി അക്ഷരത്തെറ്റുകൾ ആരാധകർ കണ്ടെത്തിക്കഴിഞ്ഞു. മാനേജിങ് ഡയറക്ടർ എന്നതിന് പകരം ‘Manging’ എന്നും പ്രൊഡക്ഷൻ എന്നതിന് പകരം ‘Prodution’, ‘Productoin’ എന്നിങ്ങനെയുമാണ് പലയിടത്തും നൽകിയിരിക്കുന്നത്.

ഉയർന്ന നിലവാരമുള്ള സിനിമകൾ പുറത്തിറക്കുന്ന മമ്മൂട്ടി കമ്പനി പോലൊരു ബാനറിൽ നിന്ന് ഇത്തരത്തിലൊരു അശ്രദ്ധ ഉണ്ടായത് അവിശ്വസനീയമാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. ഒരു സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് പലതവണ പരിശോധനകൾക്ക് വിധേയമാകാറുള്ളതാണെന്നും, ഇത്രയും പ്രാഥമികമായ തെറ്റുകൾ അണിയറപ്രവർത്തകർ ശ്രദ്ധിക്കാതെ പോയത് വലിയ വീഴ്ചയാണെന്നും സിനിമാ പ്രേമികൾ ചൂണ്ടിക്കാട്ടുന്നു. ജനുവരി 16-നാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്._