ഏഴ് വർഷത്തെ സ്നേഹയാത്ര; നവീന് വിവാഹ വാർഷികാശംസകളുമായി ഭാവന

മലയാളികളുടെ പ്രിയതാരം ഭാവനയും ഭർത്താവ് നവീനും ഇന്ന് തങ്ങളുടെ ഏഴാം വിവാഹ വാർഷികം ആഘോഷിക്കുന്നു. ഈ സുദിനത്തിൽ ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളും ചിത്രങ്ങളുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നവീനൊപ്പമുള്ള മനോഹരമായ മിറർ സെൽഫികൾ പങ്കുവെച്ചുകൊണ്ടാണ് ഭാവന ആശംസകൾ നേർന്നത്.

തമാശ കലർന്ന രീതിയിലായിരുന്നു ഭാവനയുടെ ആശംസ. “ഇത്രയും കാലം നിന്നെ ശല്യം ചെയ്യുന്നത് ഞാൻ എത്രത്തോളം ആസ്വദിച്ചുവെന്നും, വരും വർഷങ്ങളിലും അത് തുടരാൻ താൻ എത്രമാത്രം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്നും നീ അറിയണം” എന്ന് താരം കുറിച്ചു. വരാനിരിക്കുന്ന 365 ദിവസങ്ങളും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ എന്നും താരം ആശംസിച്ചു.

നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിന് ശേഷം 2018 ജനുവരി 22-നായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. ‘റോമിയോ’ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ജീവിതത്തിൽ താൻ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് നവീൻ എന്ന് ഭാവന മുൻപ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. നവീൻ നൽകുന്ന പിന്തുണയും സ്നേഹവുമാണ് തന്റെ കരുത്തെന്നും താരം കൂട്ടിച്ചേർത്തു.

സിനിമയിൽ വീണ്ടും സജീവമാകുന്ന ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘അനോമി’യാണ്. വിവാഹ വാർഷിക ദിനത്തിൽ നിരവധി സഹപ്രവർത്തകരും ആരാധകരും താരദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.