ചത്താ പച്ച അടിമുടി അടിപ്പടം; മമ്മൂട്ടിയും പിള്ളേരും ശരിക്കും ഞെട്ടിച്ചു

ഹൈപ്പിനൊത്ത പ്രകടനവുമായി തിയറ്റർ കുലുക്കിക്കൊണ്ടാണ് ‘ചത്താ പച്ച’യുടെ വരവെന്നാണ് പ്രേക്ഷരുടെ അഭിപ്രായം. അടിയുടെ പൂരവുമായി അർജുൻ അശോകനും റോഷൻ മാത്യുവും വിശാഖ് നായരും ഒപ്പം ഇഷാൻ ഷൗക്കത്തും കൂട്ടിനു ഞെട്ടിക്കുന്നൊരു കാമിയോ റോളുമുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ വോട്ടർ എന്ന കഥാപാത്രം. പ്രേക്ഷകരെ അവസാനം വരെ ത്രില്ലിങ്ങ് ആയി പിടിച്ചിരുത്തുന്ന ചത്താ പച്ച അടി മുതൽ മുടി വരെ ഇടി നിറച്ച ആക്‌ഷൻ പടമാണ്.

മികച്ച അഭിപ്രായമാണ് പ്രേക്ഷകർ ചിത്രത്തെപ്പറ്റി പങ്കു വെയ്ക്കുന്നത്. അദ്വൈത് നായരുടെ ആദ്യസംവിധാന സംരംഭമായ ‘ചത്താ പച്ച’ വളരെ പതുക്കെയാണ് ബിൽഡ് അപ്പ് കൊടുത്തുകൊടുത്ത് കഥ പറഞ്ഞു തുടങ്ങുന്നത്. പക്ഷേ ഗുസ്തിയിലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ ലെവൽ അങ്ങ് മാറും. കിടിലൻ ആക്ഷനാണ് കാണികളെ കാത്തിരിക്കുന്നത്. ഗാട്ടാ ഗുസ്തിക്കു പേരു കേട്ട കൊച്ചിയിലേക്ക് കോസ്റ്റ്യൂം ഗുസ്തിയെന്ന വിനോദവുമായെത്തുന്ന ചെറുപ്പക്കാരുടെ കഥയാണ് ചത്താ പച്ച. ഹൈ എനർജി ലെവലിലുള്ള ആക്ഷൻ കൊണ്ട് കഥയിലെ പാളിച്ചകളെ മറികടക്കാൻ അദ്വൈത് നായർ ശ്രദ്ധിച്ചിട്ടുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ആദ്യമായി സിനിമ പിടിക്കുന്ന ഒരാളാണ് അദ്വൈത് എന്ന് ഈ സിനിമ കണ്ടാൽ തോന്നില്ല. സിനിമയുടെ പരിചരണത്തിൽ തികഞ്ഞ കയ്യൊതുക്കം സംവിധായകനിലുണ്ട്. പക്ഷേ തിരക്കഥയിലേക്ക് വരുമ്പോൾ പുതിയ ഒരു കഥാപരിസരവും അത് സൃഷ്ടിക്കുന്ന നൊസ്റ്റാൾജിയയ്ക്കും അപ്പുറത്തേക്ക് പ്ലോട്ടിനെ കൊണ്ടുപോകാൻ സാധിക്കാത്തത് വലിയ പോരായ്മയാണ്. കഥാപാത്രങ്ങളെ ഒരു റെസിലിങ് മാച്ചിലെന്ന വിധം അവതരിപ്പിച്ചു കഴിഞ്ഞ ശേഷം കൈവിട്ട പോലെയാണ്. അവരിലേക്ക് അടുക്കാൻ കാണികളെ തിരക്കഥ അനുവദിക്കുന്നില്ല. അടുത്തറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളാണ് റോഷൻ മാത്യൂവിന്റെ വെട്രിയും അർജുൻ അശോകന്റെ സാവിയോയും ഇഷാൻ ഷൗക്കത്തിന്റെ ലിറ്ററിലും.

ഇവർ മാത്രമല്ല, ഈ സിനിമയിൽ റിങ്ങിൽ ഇറങ്ങുന്ന എല്ലാവരേയും നമ്മൾ ശ്രദ്ധിക്കും. കാരണം അവർ തങ്ങളുടെ കഥാപാത്രങ്ങൾക്ക് വേണ്ടി നൂറ് ശതമാനം നൽകിയിട്ടുണ്ട്. കലൈ കിങ്സണിന്റെ ആക്ഷൻ കൊറിയോഗ്രഫി ആ നൂറിനെ ആയിരം ആക്കി തീർത്തിട്ടുമുണ്ട്. അത്, സ്ക്രീനിൽ പ്രകടമാണ്. ഫൈറ്റില്ലെങ്കിലും റോസ എന്ന കഥാപാത്രമായി എത്തിയ വേദികയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കും.