താടി മാറ്റി ക്ലീൻ ഷേവ് ലുക്കിൽ ലാലേട്ടൻ; തരുൺ മൂർത്തി ചിത്രത്തിനായി വേഷപ്പകർച്ച

മലയാളികളുടെ പ്രിയതാരം മോഹൻലാൽ വീണ്ടും പഴയ ലുക്കിലേക്ക് മടങ്ങിയെത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം താരം താടി പൂർണ്ണമായും മാറ്റി ക്ലീൻ ഷേവ് ലുക്കിലുള്ള ചിത്രം പങ്കുവെച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ ഈ ഗംഭീര മാറ്റം. ഈ സിനിമയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

2020-ൽ പുറത്തിറങ്ങിയ ‘ബിഗ് ബ്രദർ’ എന്ന ചിത്രത്തിന് ശേഷം ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി മോഹൻലാൽ താടി മാറ്റുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ലാലേട്ടന്റെ താടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. താരം അഭിനയിച്ച ‘തുടരും’ എന്ന ചിത്രത്തിൽ തന്റെ താടിയെക്കുറിച്ച് തന്നെ ഒരു സെൽഫ് ട്രോൾ ഡയലോഗും അദ്ദേഹം പറഞ്ഞിരുന്നു. പുതിയ ലുക്കിലുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ആരാധകരും ആവേശത്തിലാണ്.

വൻ വിജയമായിരുന്ന ‘തുടരും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. മീര ജാസ്മിനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന് രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാർ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.