
മലയാള സിനിമയുടെ വിസ്മയ കൂട്ടുകെട്ടായ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും മൂന്ന് പതിറ്റാണ്ടിന് ശേഷം ഒന്നിക്കുന്ന ‘പദയാത്ര’യിൽ ഗ്രേസ് ആന്റണി നായികയാകുന്നു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. നേരത്തെ നയൻതാരയെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നതെങ്കിലും ഡേറ്റ് സംബന്ധമായ പ്രശ്നങ്ങൾ കാരണം ഗ്രേസ് ആന്റണിയെ നിശ്ചയിക്കുകയായിരുന്നു. കൊച്ചി അമ്പലമേടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവലായ ‘രണ്ടിടങ്ങഴി’യെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചനകൾ. 1950-കളിലെ കുട്ടനാടൻ കർഷകരുടെ ജീവിതം പ്രമേയമാക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഷെഹ്നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
1994-ൽ പുറത്തിറങ്ങിയ ‘വിധേയന്’ ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് സിനിമാ ലോകം ഈ പ്രോജക്റ്റിന് നൽകുന്നത്. ‘മതിലുകൾ’, ‘വിധേയൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് ദേശീയ പുരസ്കാരങ്ങൾ നേടിക്കൊടുത്ത ഈ കൂട്ടുകെട്ടിന്റെ മടങ്ങിവരവ് മലയാള സിനിമയിലെ ഒരു ചരിത്ര മുഹൂർത്തമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.











