
പുത്തൻ ഗെറ്റപ്പിൽ ഷാജി പാപ്പൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘ആട്’ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം ‘ആട് 3’യുടെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തിറങ്ങി. ജയസൂര്യ അവതരിപ്പിക്കുന്ന ഐതിഹാസിക കഥാപാത്രം ഷാജി പാപ്പന്റെ വേറിട്ട ലുക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. പതിവ് തമാശരൂപത്തിലുള്ള ലുക്കിന് പകരം കലിപ്പ് മോഡിലുള്ള ഗെറ്റപ്പിലാണ് ഇത്തവണ പാപ്പനെ കാണാൻ സാധിക്കുന്നത്. പാപ്പന് ഡബിൾ റോളാണോ അതോ ടൈം ട്രാവലിന്റെ ഭാഗമാണോ ഈ മാറ്റമെന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.
രാജാവും പടത്തലവനും ബ്രിട്ടീഷുകാരനും പുറത്തുവന്ന പോസ്റ്ററുകൾ പ്രകാരം സിനിമ ഒരു ടൈം ട്രാവൽ (Time Travel) കഥയാണെന്ന സൂചനകളാണ് ലഭിക്കുന്നത്. വിനായകൻ അവതരിപ്പിക്കുന്ന ‘ഡ്യൂഡ്’ രാജാവിന്റെ ഗെറ്റപ്പിലും, സൈജു കുറുപ്പിന്റെ ‘അറയ്ക്കൽ അബു’ ഒരു പടത്തലവനായും, സണ്ണി വെയ്‌നിന്റെ ‘സാത്താൻ സേവ്യർ’ ബ്രിട്ടീഷ് ശൈലിയിലുമാണ് പ്രത്യക്ഷപ്പെടുന്നത്. ‘ഭൂതകാലം ഉണരുന്നു’ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ പോസ്റ്ററുകളിൽ ഇന്ദ്രൻസ് ഒരു പലിശക്കാരനായും ധർമ്മജൻ രാജാവിന്റെ വലംകൈയായും എത്തുന്നു. മുൻ ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഫാന്റസി ലോകത്തേക്കാണ് ഇത്തവണ മിഥുൻ മാനുവൽ തോമസ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്.
റിലീസ് തീയതി പ്രഖ്യാപിച്ചു 127 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷമാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ‘ആട് 3’ മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. മലയാളികൾ ഏറെ കാത്തിരിക്കുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.











