
പദ്മഭൂഷൺ ബഹുമതി ലഭിച്ച നടൻ മമ്മൂട്ടിക്ക് മധുരം നൽകി നടന്മാരായ ആസിഫ് അലിയും ടൊവിനോ തോമസും.
ഞായറാഴ്ച നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിനുശേഷം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ വെച്ചാണ് മമ്മൂട്ടിയെ ഇരുവരും ആദരിച്ചത്. പദ്മഭൂഷൺ നേടിയ മമ്മൂട്ടിയ്ക്ക് കേക്കുമായാണ് നടന്മാർ ഹോട്ടലിലെത്തിയത്.
തുടർന്ന് മധുരം നൽകി സന്തോഷം പങ്കുവെച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടി മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി, ചാത്തൻ എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി നടത്തിയ മാസ്മരിക പ്രകടനമാണ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. മമ്മൂട്ടിക്ക് പദ്മഭൂഷൺ ബഹുമതി പ്രഖ്യാപിക്കപ്പെട്ട സാഹാഹ്നത്തിൽ നടന്ന പുരസ്കാരവിതരണം ഇരട്ടിമധുരമായി.
ആസിഫ് അലിക്കും ടൊവിനോ തോമസിനും പ്രത്യേക ജൂറി പരാമർശവും ലഭിച്ചിരുന്നു. രാജ്യം പദ്മഭൂഷൺ നൽകി ആദരിക്കുന്ന പ്രിയപ്പെട്ട മമ്മുക്കയ്ക്ക് ആശംസകൾ, അഭിനന്ദനങ്ങൾ’ എന്ന് കുറിച്ചുകൊണ്ട് ടൊവിനോ മമ്മൂട്ടിക്കൊപ്പം പകർത്തിയ സെൽഫി തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
പദ്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ലെന്നും ഒരിക്കലും ഈ അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് പുരസ്‌കാര പ്രഖ്യാപന വാർത്ത കേട്ട് മമ്മൂട്ടി പ്രതികരിച്ചത്.











