‘അത്തരം സിനിമകൾ എനിക്ക് പറ്റില്ല’; രജനി-കമൽ ചിത്രത്തിൽ നിന്ന് ലോകേഷ് പിന്മാറാൻ കാരണം ഇതാണ്!

സൂപ്പർ സ്റ്റാർ രജനികാന്തും ഉലകനായകൻ കമൽഹാസനും 46 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന വാർത്തയോടെയാണ് ‘തലൈവർ 173’ പ്രഖ്യാപിക്കപ്പെട്ടത്. ലോകേഷ് കനകരാജ് ഈ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിൽ നിന്ന് താൻ പിന്മാറിയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ലോകേഷ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

രജനികാന്തും കമൽഹാസനും ഇപ്പോൾ തുടർച്ചയായി ആക്ഷൻ സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നവരാണ്. അതിനാൽ ഈ പുതിയ ചിത്രത്തിൽ അവർക്ക് ഒരു ‘ലൈറ്റ് ഹാർട്ടഡ്’ (തമാശയും ലാളിത്യവുമുള്ള) ശൈലി പരീക്ഷിക്കണമെന്നായിരുന്നു താൽപര്യം. ഒന്നര മാസത്തോളം ഈ ചിത്രത്തിന്റെ തിരക്കഥയ്ക്കായി ലോകേഷ് അധ്വാനിച്ചിരുന്നു. എന്നാൽ താരങ്ങളുടെ താൽപര്യത്തിന് അനുസരിച്ചുള്ള ഒരു ലൈറ്റ് സിനിമ തന്റെ ശൈലിക്ക് ചേരുന്നതല്ലെന്ന് ലോകേഷ് തുറന്നു പറഞ്ഞു. തന്റെ സിനിമകൾ എപ്പോഴും ആക്ഷൻ മൂഡിലുള്ളവയാണെന്നും അത്തരം മാറ്റങ്ങൾ തനിക്ക് വഴങ്ങില്ലെന്നും അദ്ദേഹം താരങ്ങളെ അറിയിക്കുകയായിരുന്നു.