
ദുബായ്: ഒരിടവേളയ്ക്ക് ശേഷം പൊതുവേദികളിൽ സജീവമാവുകയാണ് മലയാളികളുടെ പ്രിയ നടി കാവ്യ മാധവൻ. ദുബായിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചടങ്ങിൽ അതീവ സുന്ദരിയായി സാരിയിൽ എത്തിയ കാവ്യയ്ക്കൊപ്പം അമ്മ ശ്യാമളയും മകൾ മഹാലക്ഷ്മിയുമുണ്ടായിരുന്നു.
വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന താരം അടുത്ത കാലത്തായി പൊതുപരിപാടികളിലും സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. ദുബായിലെ പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഒരുകാലത്ത് ക്യാമറക്കണ്ണുകളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ചിരുന്ന താരം ഇപ്പോൾ വിദേശയാത്രകളുടെയും മറ്റും വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ദിലീപോ മീനാക്ഷിയോ ഇല്ലാതെ അമ്മയ്ക്കും മകൾക്കും ഒപ്പമാണ് താരം ഇത്തവണ ദുബായിൽ എത്തിയത്. ദിലീപ് ഇല്ലാതെ തനിച്ച് യാത്രകൾ ചെയ്യാനും കാര്യങ്ങൾ കൈകാര്യം ചെയ്യാനും താൻ ഇപ്പോൾ ശീലിച്ചുവെന്ന് താരം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ മാറ്റത്തെ ആരാധകർ ഏറെ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് നോക്കിക്കാണുന്നത്.
ഓസ്‌ട്രേലിയയിൽ സഹോദരന്റെ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിച്ച ശേഷം താരം ദുബായിലേക്ക് എത്തിയതാണെന്നാണ് റിപ്പോർട്ടുകൾ. കാവ്യ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. 2016-ൽ പുറത്തിറങ്ങിയ ‘പിന്നെയും’ എന്ന ചിത്രത്തിലാണ് താരം അവസാനമായി വേഷമിട്ടത്.











