
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നതായി സംശയം. റോയ്‌യുടെ ഡയറിയിൽ നിന്ന് വ്യക്തിപരമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സൂചന എസ്‌ഐടിയ്ക്ക് ലഭിച്ചു. ഒമ്പത് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു എന്നാണ് വിവരം .
കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടാണ് റോയിയുടെ കുറിപ്പ് ആരംഭിക്കുന്നത്. താൻ ഒരു ‘അറ്റകൈ പ്രയോഗത്തിന്’ മുതിരുകയാണെന്നും അതിന് ക്ഷമിക്കണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. വ്യക്തികൾക്ക് നൽകാനുള്ള പണത്തെക്കുറിച്ചും ബിസിനസ് ഇടപാടുകളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ കുറിപ്പിലുണ്ട്. തന്റെ മരണശേഷം സ്ഥാപനം ആര് നയിക്കണമെന്നും വിശ്വസ്തരായ സഹപ്രവർത്തകരെ മാറ്റിനിർത്തരുതെന്നും റോയി നിർദ്ദേശിച്ചിട്ടുണ്ട്.
നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്നും ബിസിനസ് ആരെ ഏൽപ്പിക്കണമെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡയറിക്കുറിപ്പിൽ ഉണ്ടെന്നാണ് വിവരം.
ഇതോടെയാണ് സി.ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നതായ് സംശയം ഉയരുന്നത്. ജനുവരി 30ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണെന്നും സൂചനയുണ്ട്.
അതേസമയം ഇക്കാര്യങ്ങളിൽ സ്ഥിരീകരണം വന്നിട്ടില്ല. ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓഫിസിൽ ആദായനികുതി വകുപ്പ് റെയ്ഡിനിടെ റോയിയെ സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ബന്നാര്‍ഘട്ട റോഡിലെ കല്‍ക്കെരെയിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടിലായിരുന്നു സംസ്കാരം. ഡിഐജി വംശി കൃഷ്ണ ചുമതലയിൽ പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത് നടത്തുന്നത്.റോയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതികരിച്ചിരുന്നു.











