കുംഭമേള വൈറൽ സന്യാസിനി അവന്തിക ഭാരതി; നടി നിഖില വിമലിന്റെ ചേച്ചി അഖില

ദക്ഷിണ കാശിയെന്നറിയപ്പെടുന്ന തിരുനാവായയുടെ മണ്ണിൽ, ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന കുംഭമേളയിൽ ശ്രദ്ധാകേന്ദ്രമായി സന്യാസിനി അവന്തിക ഭാരതി.

പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിന്റെ സഹോദരി അഖിലയാണ് ആത്മീയതയുടെ പാത സ്വീകരിച്ച് അവന്തിക ഭാരതി എന്ന നാമത്തിൽ പുണ്യകർമങ്ങളിൽ പങ്കാളിയായത്. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവർക്കൊപ്പം ദക്ഷിണേന്ത്യയുടെ കുംഭമേളയായി മാറിയ മഹാമാഘ ഉത്സവത്തിന് ചുക്കാൻ പിടിച്ചതും അവന്തികയായിരുന്നു.

ജുനാ പീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നാണ് അഖില സന്യാസ ദീക്ഷ സ്വീകരിച്ചത്. സന്യാസ വേഷത്തിൽ ഭാരതപ്പുഴയിൽ പുണ്യസ്നാനത്തിനെത്തിയ അഖിലയെ കണ്ട് ആരാധകരും ഭക്തരും ഒരേപോലെ അദ്ഭുതപ്പെട്ടു. “എന്തൊരു തേജസ്, എന്തൊരു ഐശ്വര്യം” എന്നാണ് തിരുനാവായയിൽ അഖിലയെ നേരിൽ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.