
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പ്രമേയമാക്കി ഒരുങ്ങുന്ന ‘മാ വന്ദേ’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ഹൈദരാബാദിൽ വെച്ചായിരുന്നു സിനിമയുടെ ആദ്യഘട്ട ചിത്രീകരണം നടന്നത്. ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ കശ്മീരിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഹൈദരാബാദ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഏകദേശം 400 കോടി രൂപ ചിലവഴിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ എം. വീർ റെഡ്ഡി നിർമ്മിക്കുന്ന ചിത്രം ക്രാന്തി കുമാർ സി.എച്ച് ആണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. നരേന്ദ്ര മോദിയുടെ വ്യക്തിജീവിതത്തെയും രാഷ്ട്രീയ യാത്രയെയും ആഗോള നിലവാരത്തിൽ വെള്ളിത്തിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ ഒരുങ്ങുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.
ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ വലിയൊരു നിര തന്നെ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ബാഹുബലിയിലൂടെ ശ്രദ്ധേയനായ കെ.കെ. സെന്തിൽ കുമാർ ഛായാഗ്രഹണവും, സാബു സിറിൾ പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു. സംഗീത സംവിധാനം രവി ബസ്രുറും (കെ.ജി.എഫ്, സലാർ), എഡിറ്റിംഗ് ശ്രീകർ പ്രസാദും, ആക്ഷൻ രംഗങ്ങൾ കിംഗ് സോളമനും കൈകാര്യം ചെയ്യുന്നു. വമ്പൻ താരനിരയും മികച്ച സാങ്കേതിക വിദ്യയും സമ്മേളിക്കുന്ന ‘മാ വന്ദേ’ ഇന്ത്യൻ സിനിമയിലെ തന്നെ ശ്രദ്ധേയമായ ബയോപിക് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.











