15 ലക്ഷം രൂപ ബിജു മേനോൻ അനൂപ് കണ്ണന് നഷ്ടപരിഹാരം നൽകണം; ഇല്ലെങ്കിൽ നിയമനടപടി

ബിജുമേനോൻ നിർമാതാവിന് നഷ്ടം വരുത്തിയെന്ന ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ.

15 ലക്ഷം രൂപ ബിജു മേനോൻ നിര്‍മാതാവ് അനൂപ് കണ്ണന് നൽകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ബിജു മേനോന്റെ അടുത്ത ചിത്രത്തിലെ പ്രതിഫലത്തിൽനിന്ന് ഈ തുക ഈടാക്കും. ബിജു പണം നൽകിയില്ലെങ്കിൽ ആ തുക കുറച്ച് പ്രതിഫലം നൽകാനാണ് പ്രൊഡ്യൂസർഴ്സ് അസോസിയേഷന്റെ തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് ബിജു മേനോന് കത്ത് നൽകി എന്ന് ലിസ്റ്റിൻ സ്റ്റീഫൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. നഷ്ടം നികത്തിയില്ലെങ്കിൽ ബിജുവുമായി സഹകരിക്കേണ്ടെന്നാണ് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്റെ തീരുമാനം.

നടൻ ബിജു മേനോൻ പ്രൊമോഷൻ അഭിമുഖത്തിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന ‘നടന്ന സംഭവം’ ചിത്രത്തിന്റെ നിർമാതാവ് അനൂപ് കണ്ണന്റെ പരാതിയിലാണ് നടപടി .

സിനിമയുടെ പ്രൊമോഷന് പങ്കെടുക്കുമെന്ന കരാറിൽ ഒപ്പിട്ടിട്ടും ബിജു മേനോൻ പങ്കെടുത്തത് ആകെ മൂന്ന് മണിക്കൂർ പ്രമോഷൻ പരിപാടിയിൽ മാത്രമെന്നും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല എന്നും അതുകൊണ്ട് തന്നെ നടനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണെന്നും 25 ലക്ഷം നഷ്ടമുണ്ടായ നി‍ർമാതാവ് അനൂപ് കണ്ണൻ വ്യക്തമാക്കി.