
തൃശൂർ: തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരം ഖുശ്ബുവിന്റെയും പ്രശസ്ത സംവിധായകൻ സുന്ദർ സിയുടെയും മകൾ അവന്തിക സുന്ദർ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നു. മലയാള ചിത്രത്തിലൂടെയാണ് അവന്തികയുടെ സിനിമാ പ്രവേശം എന്നത് ശ്രദ്ധേയമാണ്. ‘ആരംഭം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ തൃശൂർ ചാവക്കാട് വെച്ച് നടന്നു. ലണ്ടനിൽ നിന്ന് ആക്ടിങ് കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് അവന്തിക വെള്ളിത്തിരയിലേക്ക് എത്തുന്നത്.
സുജേഷ് ആനി ഈപ്പൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ‘ആരതി’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവന്തിക അവതരിപ്പിക്കുന്നത്. മാതാപിതാക്കളുടെ സ്വാധീനമില്ലാതെ സ്വന്തം കഴിവിൽ സിനിമാലോകത്ത് ഇടംപിടിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അവന്തിക നേരത്തെ വ്യക്തമാക്കിയിരുന്നു. അവന്തികയുടെ അരങ്ങേറ്റത്തിന് ആശംസകളുമായി ഖുശ്ബുവും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. തമിഴകത്തെ ലേഡി സൂപ്പർസ്റ്റാർ ആയിരുന്ന ഖുശ്ബുവിന് കേരളത്തിലുള്ള വലിയ ആരാധകവൃന്ദം മകളുടെ വരവിനെയും ആവേശത്തോടെയാണ് വരവേൽക്കുന്നത്.
വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇന്ദ്രൻസ്, വിജയരാഘവൻ, സരിത, അൽത്താഫ് സലീം, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സ്റ്റുഡിയോ ബെല്ലാറൂഹിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം പകരുന്നത്. കുന്നംകുളം, ചാവക്കാട്, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ജോസ്‍ലെറ്റ് ജോസഫ്, അജോയ് തമ്പി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.











