ജീത്തു ജോസഫ് – വിനായക് ശശികുമാർ കൂട്ടുകെട്ട്; ഉദ്വേഗം നിറച്ച് ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’ ട്രെയിലർ പുറത്ത്

മലയാള സിനിമയിലെ ത്രില്ലർ മാസ്റ്റർ ജീത്തു ജോസഫ് ഷോറണ്ണറായി എത്തുന്ന പുത്തൻ വെബ് സീരീസ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’ ശ്രദ്ധേയമാകുന്നു. പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാർ ആദ്യമായി തിരക്കഥയും സംഭാഷണവും ഒരുക്കുന്നു എന്നതാണ് ഈ സീരീസിന്റെ ഏറ്റവും വലിയ പ്രത്യേകത. സുമേഷ് നന്ദകുമാർ സംവിധാനം ചെയ്ത ഈ മിസ്റ്ററി ത്രില്ലറിന്റെ ആകാംക്ഷയുണർത്തുന്ന ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ഭീതിജനകമായ സ്വപ്നങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള നേർത്ത നൂൽപാലത്തിലൂടെ സഞ്ചരിക്കുന്ന റോസ്‌ലിൻ എന്ന പെൺകുട്ടിയുടെ കഥയാണ് സീരീസ് പറയുന്നത്. പച്ചക്കണ്ണുകളുള്ള ഒരു അജ്ഞാത രൂപം തന്റെ ഉറക്കത്തിലും ഉണർവ്വിലും പിന്തുടരുന്നു എന്ന റോസ്‌ലിന്റെ വെളിപ്പെടുത്തലിലൂടെയാണ് ട്രെയിലർ വികസിക്കുന്നത്. സഞ്ജന ദിപു ടൈറ്റിൽ കഥാപാത്രമായ റോസ്‌ലിനെ അവതരിപ്പിക്കുമ്പോൾ, മീനയും വിനീതും മാതാപിതാക്കളായി പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹക്കിം ഷായാണ് മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു അന്തോളജി സീരീസിന്റെ ഭാഗമായി എത്തുന്ന ഈ ചിത്രം ഫെബ്രുവരി 27-ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ (JioHotstar) സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെ ഏഴ് ഭാഷകളിൽ സീരീസ് ലഭ്യമാകും. പി.എം. ഉണ്ണികൃഷ്ണൻ ഛായാഗ്രഹണവും വിഷ്ണു ശ്യാം സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. ഒരു സാധാരണ കുടുംബത്തിലേക്ക് കടന്നുവരുന്ന അതിഥിയും അതിനെത്തുടർന്നുണ്ടാകുന്ന നിഗൂഢതകളും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.