കിട്ടിയോ ഇല്ല, ചോദിച്ച് വാങ്ങി; ലിസ്റ്റിൻ സ്റ്റീഫന്റെ പരിഹാസത്തിന് B ഉണ്ണികൃഷ്ണന്റെ മറുപടി

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രതിഛായ’യുടെ ട്രെയിലർ ലോഞ്ചിനിടെ ലിസ്റ്റിൻ സ്റ്റീഫനും ബി ഉണ്ണികൃഷണനും തമ്മിൽ നടന്ന സംഭാഷണം ശ്രദ്ധനേടുന്നു.

പല ആളുകളേയും ബാൻ ചെയ്യുന്നതിന് ഇടയ്ക്കാണ് ഉണ്ണികൃഷ്ണൻ സിനിമകൾ ചെയ്യുന്നതെന്ന് ആശംസ പ്രസം​ഗത്തിൽ പരിഹാസത്തോടെ ലിസ്റ്റിൻ പറഞ്ഞു. ഇതിന് മറുപടിയും ഉണ്ണികൃഷ്ണൻ വേദിയിൽ വെച്ച് നൽകി.

“എല്ലാവര്‍ക്കും നമസ്കാരം. ഉണ്ണിയേട്ടന്‍റെ ഏറ്റവും പുതിയ സിനിമയായ പ്രതിഛായ, നിവിന്‍ അഭിനിയിക്കുന്ന ചിത്രം, ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ള സിനിമ, ഒരു വലിയ വിജയമായി മാറട്ടെ.

സാധാരണ രീതിയില്‍ ചെറുപ്പത്തിലാണ് ആളുകള്‍ കൂടുതല്‍ റിസ്ക് എടുക്കുന്നത്. ഗോപാലേട്ടന്‍റെ (​ഗോകുലം ​ഗോപാലൻ) കാര്യത്തില്‍ പ്രായമായപ്പോഴാണ് കൂടുതല്‍ റിസ്ക് എടുക്കുന്നത്. മലയാള സിനിമ ഇന്ന് പിടിച്ച് നില്‍ക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് അദ്ദേഹം. ഒരു നിര്‍ണായക ഘട്ടത്തിലൂടെ ഇടയ്ക്ക് സിനിമ ഇൻഡസ്ട്രി കടന്ന് പോയപ്പോള്‍ ഗോപാലേട്ടന്‍ വലിയ കരുത്തായിരുന്നു.

പൊതുവിൽ സംവിധായകർക്ക് ഡയറക്ട് ചെയ്യുന്ന കാര്യം മാത്രം ഫോക്കസ് ചെയ്താല്‍ മതി. ഉണ്ണിയേട്ടനെ സംബന്ധിച്ച് പല പല ആളുകളെ ബാന്‍ ചെയ്യുന്നതിന്‍റെ ഇടയ്ക്ക് വേണം സംവിധാനം ചെയ്യാന്‍. ഒരുപാട് ടാസ്ക്കുകള്‍ എടുത്താണ് ഉണ്ണിയേട്ടന്‍ ഡയറക്ട് ചെയ്യുന്നത്. ഇതൊരു വലിയ വിജയമായി മാറട്ടെ എന്ന് ആശംസിക്കുന്നു”.- ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

ഇതിന് പിന്നാലെയാണ് ബി ഉണ്ണികൃഷ്ണൻ മറുപടിയുമായി എത്തിയത്. ‘ഇന്നിത്തിരി മാന്യത കാണിക്കണമെന്ന് താന്‍ ലിസ്റ്റിനോട് പറഞ്ഞിരുന്നു. പക്ഷേ എത്ര നിയന്ത്രിച്ചാലും അദ്ദേഹത്തിനത് വെളിയില്‍ വരും. അതുകൊണ്ട് പൊറുത്ത് വിടാം”, എന്നായിരുന്നു ഉണ്ണികൃഷ്ണന്റെ മറുപടി. കിട്ടിയോ ഇല്ല, ചോദിച്ച് വാങ്ങി”, എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പ്രൊമോഷന് പങ്കെടുക്കാത്തതിനാൽ നിര്മ്മാതാവിന് നടൻ ബിജു മേനോൻ കാരണം നഷ്ടമുണ്ടായിയെന്ന് ബി ഉണ്ണികൃഷ്‍ണൻ പൊതുവേദിയിൽ തുറന്നടിച്ചത് വലിയ വിവാദമായിരുന്നു .