
സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമാലോകത്ത് ചർച്ചകൾ കൊഴുക്കുന്നു. ആക്ഷൻ രംഗങ്ങൾക്കും മാസ്സ് എലമെന്റുകൾക്കും ഒപ്പം ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില ഹോട്ട് ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ‘റായ’ എന്ന കഥാപാത്രമായി യാഷ് എത്തുന്ന ഈ ചിത്രത്തിന്റെ ടീസറിന് പ്രതീക്ഷിച്ചതിലും അപ്പുറമുള്ള സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോയിലും സമാനമായ രീതിയിലുള്ള സ്ത്രീവിരുദ്ധ ദൃശ്യങ്ങൾ ഉണ്ടെന്ന ആരോപണം ഉയർന്നിരുന്നു. പുതിയ ടീസറിലും ഇത്തരം രംഗങ്ങൾ പരിധി വിട്ട് ഉൾപ്പെടുത്തിയത് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം പ്രേക്ഷകരെ ചൊടിപ്പിച്ചു. പ്രത്യേകിച്ചും, സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ മുൻപ് ശക്തമായി സംസാരിച്ചിട്ടുള്ള ഗീതു മോഹൻദാസിനെപ്പോലൊരു സംവിധായികയിൽ നിന്ന് ഇത്തരമൊരു സമീപനം ഉണ്ടായതാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്. ‘കസബ’ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഗീതുവിന്റെ മുൻകാല നിലപാടുകളെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും ഇതിനോടകം പ്രചരിക്കുന്നുണ്ട്.
എങ്കിലും ടീസറിലെ മാസ്സ് രംഗങ്ങളെയും യാഷിന്റെ ഗംഭീര ലുക്കിനെയും പ്രശംസിച്ച് വലിയൊരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ‘ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്‌സ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം മാർച്ച് 19-നാണ് തിയേറ്ററുകളിൽ എത്തുക. വിമർശനങ്ങൾക്കിടയിലും കിയാര അദ്വാനി, നയൻതാര തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ പാൻ-ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രത്തിന് വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾ നൽകുന്നത്.











