ക്ഷമ നശിക്കുന്നു; വ്യാജവാർത്തകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി മീന

തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന് മീന പറഞ്ഞു. ഇത്തരത്തിലുള്ള ഗോസിപ്പുകൾ കാണുമ്പോൾ അതിയായ ദേഷ്യം തോന്നാറുണ്ടെന്നും, തന്റെ ക്ഷമ എപ്പോഴാണ് കൈവിട്ടുപോകുക എന്ന് പറയാനാകാത്ത അവസ്ഥയിലാണെന്നും താരം വെളിപ്പെടുത്തി.

സിംഗിൾ ആയ ഒരു സെലിബ്രിറ്റി എന്ന നിലയിൽ തനിക്കെതിരെ എന്തും എഴുതാമെന്ന ധാരണ ചിലർക്കുണ്ടെന്ന് മീന വിമർശിച്ചു. പ്രചരിക്കുന്ന വാർത്തകളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ അത് പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പടച്ചുവിടുന്നത് തന്നെ വ്യക്തിപരമായി വലിയ രീതിയിൽ ശല്യപ്പെടുത്തുന്നുണ്ടെന്നും നടി വ്യക്തമാക്കി.

തന്റെ വിലപ്പെട്ട സമയവും ആരോഗ്യവും ഇത്തരം നെഗറ്റീവ് കാര്യങ്ങൾക്കായി ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മീന പറഞ്ഞു. ജീവിതത്തിൽ എന്നും പോസിറ്റീവ് ആയി ഇരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, സന്തോഷകരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മീന കൂട്ടിച്ചേർത്തു.