വിവാഹിതനാകാനൊരുങ്ങി റാപ്പർ വേടൻ; വധു പ്രിയതമ നവമി ലത

മലയാളി റാപ്പർ വേടൻ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സംഗീത ലോകത്ത് നിന്നും പുറത്തുവരുന്നത്. ദീർഘകാല സുഹൃത്തും എഴുത്തുകാരിയുമായ നവമി ലതയാണ് വേടന്റെ വധു. ഫെബ്രുവരി 24-ന് തൃശൂരിൽ വെച്ച് ഒരു രജിസ്റ്റർ വിവാഹത്തിലൂടെ ഇരുവരും ഒന്നിക്കുമെന്ന് താരം അറിയിച്ചു.

കണ്ണൂരിൽ സർക്കാർ സംഘടിപ്പിച്ച ഹാപ്പിനെസ് ഫെസ്റ്റിവലിനിടെയാണ് ഈ സന്തോഷവാർത്ത പുറംലോകം അറിഞ്ഞത്. ചടങ്ങിൽ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ വേടനെ ആദരിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വിവാഹക്കാര്യം ആദ്യം സൂചിപ്പിച്ചത്. തുടർന്ന് മറുപടി പ്രസംഗത്തിൽ താൻ ഇരുപത്തിനാലാം തീയതി വിവാഹിതനാകുന്നുവെന്ന കാര്യം വേടൻ സ്ഥിരീകരിക്കുകയായിരുന്നു.

നവമിയുമായുള്ള വേടന്റെ പ്രണയം നേരത്തെ തന്നെ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. 2025-ൽ പുറത്തിറങ്ങിയ ‘മോണലോവ’ എന്ന ഗാനം തന്റെ പ്രിയതമയ്ക്കായി സമർപ്പിച്ചതാണെന്ന് വേടൻ മുൻപ് വ്യക്തമാക്കിയിരുന്നു. അടുത്തിടെ നടന്ന പുരസ്കാര ചടങ്ങുകളിലും പൊതുവേദികളിലും നവമി വേടനൊപ്പം സജീവമായിരുന്നു. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിലൂടെയാണ് വേടൻ ഈ വർഷത്തെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയത്.