‘നസ്രിയ സജീവമായിരുന്നെങ്കിൽ മലയാളത്തിലെ ഉഗ്രൻ നടിയായേനെ’; ഇഷ്ടതാരങ്ങളെക്കുറിച്ച് ഉർവശി

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ ഉർവശി, പുതിയ തലമുറയിലെ തന്റെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. നടി നസ്രിയ നസീമിനെക്കുറിച്ചും നടൻ ഫഹദ് ഫാസിലിനെക്കുറിച്ചുമുള്ള ഉർവശിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നസ്രിയ സിനിമയിൽ സജീവമായി നിന്നിരുന്നെങ്കിൽ ഏത് തരം വേഷങ്ങളും കൈകാര്യം ചെയ്യാൻ കഴിയുന്ന മലയാളത്തിലെ തന്നെ ഏറ്റവും മികച്ച നടിയായി മാറുമായിരുന്നുവെന്ന് ഉർവശി പറഞ്ഞു.

നസ്രിയയുടെ സ്ക്രീൻ പ്രസൻസിനെ ഉർവശി പ്രത്യേകം പ്രശംസിച്ചു. ‘ഓം ശാന്തി ഓശാന’, ‘ബാംഗ്ലൂർ ഡേയ്‌സ്’ തുടങ്ങിയ സിനിമകളിൽ നസ്രിയയെ കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസമാണെന്നും, ആ കുട്ടിക്ക് അങ്ങനെയൊരു ഭാഗ്യം ജന്മനാ ലഭിച്ചിട്ടുണ്ടെന്നും താരം ഓർത്തെടുത്തു. നസ്രിയ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലാത്തതിൽ തനിക്ക് ചെറിയ വിഷമമുണ്ടെന്നും, ആ കഴിവ് മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടമാണെന്നും ഉർവശി കൂട്ടിച്ചേർത്തു. മോഡേൺ വേഷങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ നസ്രിയയ്ക്ക് ഇണങ്ങുമെന്നും അവർ അഭിപ്രായപ്പെട്ടു.

യുവനടന്മാരിൽ ഫഹദ് ഫാസിലിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും ഉർവശി വാചാലയായി. തന്റെ കരിയറിലെ തീരുമാനങ്ങളുമായി ഫഹദിന്റെ സെലക്ഷനുകൾക്ക് സാമ്യമുണ്ടെന്ന് ഉർവശി നിരീക്ഷിച്ചു. ഹീറോ ഇമേജിന് പിന്നാലെ പോകാതെ, കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമകൾ തിരഞ്ഞെടുക്കുന്ന ഫഹദിന്റെ രീതിയെ അവർ അഭിനന്ദിച്ചു. താനും ഫഹദും ഒരേ നിലപാടുള്ളവരാണെന്നും അതുകൊണ്ടുതന്നെ ഫഹദിനോട് തനിക്ക് വലിയ കാര്യമാണെന്നും ഉർവശി അഭിമുഖത്തിൽ വ്യക്തമാക്കി.