
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആഘോഷമാക്കിയ വിവാഹത്തിന് പിന്നാലെ, ആരാധകർക്കായി സ്നേഹവിരുന്നൊരുക്കി താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഹൈദരാബാദിൽ വെച്ച് നടന്ന ഈ പ്രത്യേക പരിപാടിയിൽ തങ്ങളെ കാണാനെത്തിയ നൂറുകണക്കിന് ആരാധകർക്കൊപ്പമാണ് താരങ്ങൾ സമയം ചെലവഴിച്ചത്. വിരുന്നിനിടെ രശ്മിക വിജയ്‌യ്ക്ക് സ്നേഹത്തോടെ ഭക്ഷണം വാരിക്കൊടുക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായതിനാൽ, തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കുവെക്കാനാണ് ഇത്തരമൊരു ‘ഫാൻ മീറ്റും’ വിരുന്നും താരങ്ങൾ സംഘടിപ്പിച്ചത്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലുള്ള താജ് കൃഷ്ണ ഹോട്ടലിൽ വെച്ച് നടന്ന ഔദ്യോഗിക വിവാഹ സൽക്കാരത്തിന് മുന്നോടിയായായിരുന്നു ആരാധകർക്കായുള്ള ഈ ഒത്തുചേരൽ.
തങ്ങളുടെ പ്രിയ താരങ്ങളെ നേരിട്ട് കാണാനും അവർക്കൊപ്പം ഭക്ഷണം കഴിക്കാനും സാധിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. വർഷങ്ങൾ നീണ്ട പ്രണയത്തിനും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് ‘ഗീതാ ഗോവിന്ദം’ ജോഡികൾ ജീവിതത്തിലും ഒന്നിച്ചത്. ആരാധകർ നൽകുന്ന പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിച്ച വിജയ്, തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നിങ്ങളോടൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും വിരുന്നിനിടെ പറഞ്ഞു.











