‘മമിതയുടെ ആ ഭാവമാറ്റം എന്നെ ഞെട്ടിച്ചു’; യുവനടിയെ പ്രശംസകൊണ്ട് മൂടി രാധിക ശരത്കുമാർ

മലയാളികളുടെ പ്രിയതാരം മമിത ബൈജുവിന്റെ അഭിനയമികവിനെ പ്രശംസിച്ചുകൊണ്ട് നടി രാധിക ശരത്കുമാർ രംഗത്തെത്തി. സൂര്യ നായകനാകുന്ന ‘വിശ്വനാഥൻ ആൻഡ് സൺസ്’ എന്ന പുതിയ തമിഴ് ചിത്രത്തിൽ മമിതയ്ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് രാധിക പങ്കുവെച്ചത്. ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ നായികാവേഷം വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും മികച്ച അഭിനയശേഷിയുള്ള ഒരാൾക്ക് മാത്രമേ അത് ചെയ്യാൻ കഴിയൂ എന്നും താൻ അണിയറപ്രവർത്തകരോട് പറഞ്ഞിരുന്നതായി രാധിക വെളിപ്പെടുത്തി.

തുടക്കത്തിൽ മമിതയാണ് നായിക എന്നറിഞ്ഞപ്പോൾ തനിക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ റിഹേഴ്സൽ സമയത്തെ മമിതയുടെ പ്രകടനം കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്നും രാധിക പറഞ്ഞു. ഇമോഷണൽ സീനുകളിൽ മമിത കാണിക്കുന്ന ഭാവമാറ്റവും കഥാപാത്രത്തോടുള്ള അർപ്പണബോധവും തന്നെ ഞെട്ടിച്ചു കളഞ്ഞു. സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായി മമിത മാറുമെന്നും തെന്നിന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാകാൻ മമിതയ്ക്ക് സാധിക്കുമെന്നും രാധിക കൂട്ടിച്ചേർത്തു.

‘പ്രേമലു’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തമിഴിലും മലയാളത്തിലുമായി നിരവധി വലിയ പ്രോജക്റ്റുകളാണ് മമിതയെ കാത്തിരിക്കുന്നത്. സൂര്യ ചിത്രത്തിന് പുറമെ വിജയ്‌ക്കൊപ്പം ‘ജനനായകൻ’, ധനുഷിനൊപ്പം ‘കര’, വിഷ്ണു വിശാലിനൊപ്പം ‘ഇരണ്ടു വാനം’ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ താരം നായികയായി എത്തുന്നുണ്ട്. മലയാളത്തിൽ നിവിൻ പോളി നായകനാകുന്ന ഗിരീഷ് എ.ഡി ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റാണ്’ മമിതയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു പ്രധാന സിനിമ.