
ദക്ഷിണേന്ത്യൻ സിനിമാലോകം കാത്തിരുന്ന വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന വിവാഹത്തിന്റെ ആഘോഷങ്ങൾക്ക് ഹൈദരാബാദിൽ പ്രൗഢഗംഭീരമായ സമാപനം. ഹൈദരാബാദ് ബഞ്ചാര ഹിൽസിലെ പ്രശസ്തമായ താജ് കൃഷ്ണ ഹോട്ടലിൽ വെച്ച് നടന്ന വിവാഹവിരുന്നിൽ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തു. രാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന സ്വകാര്യ ചടങ്ങുകൾക്ക് പിന്നാലെയാണ് സിനിമാ സഹപ്രവർത്തകർക്കായി താരം വിരുന്ന് ഒരുക്കിയത്.
തെലുങ്ക്, തമിഴ്, ബോളിവുഡ് സിനിമാ മേഖലകളിൽ നിന്നുള്ള വൻതാരനിരയാണ് ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ എത്തിയത്. സൂപ്പർ താരങ്ങളായ ചിരഞ്ജീവി, അല്ലു അർജുൻ, രാം ചരൺ, നാനി എന്നിവർക്കൊപ്പം കാർത്തി, റാണ ദഗുബാട്ടി, കൃതി സനോൺ, മൃണാൾ ഠാക്കൂർ തുടങ്ങിയവരും വിരുന്നിനെത്തിയിരുന്നു. ഏകദേശം രണ്ടാഴ്ചയോളം നീണ്ടുനിന്ന വിപുലമായ വിവാഹാഘോഷങ്ങൾക്കാണ് ഈ റിസപ്ഷനോടെ അവസാനമായത്.
തന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പാണ് രശ്മിക പങ്കുവെച്ചത്. തന്നെ ഇന്നത്തെ വ്യക്തിയാക്കി മാറ്റിയതും യഥാർത്ഥ സ്നേഹം തിരിച്ചറിഞ്ഞതും വിജയൊപ്പമുള്ള ജീവിതത്തിലൂടെയാണെന്ന് രശ്മിക കുറിച്ചു. വിജയുമൊത്തുള്ള ഓരോ നിമിഷവും സന്തോഷകരമാണെന്നും അദ്ദേഹത്തിന്റെ ഭാര്യ എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനമുണ്ടെന്നും താരം പറഞ്ഞു. അതേപോലെ തന്റെ ജീവിതം പൂർണ്ണമാക്കിയത് രശ്മികയുടെ വരവാണെന്ന് വിജയ് ദേവരകൊണ്ടയും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
ഒക്ടോബറിൽ നടന്ന വിവാഹനിശ്ചയത്തിന് പിന്നാലെ ഉദയ്പുരിൽ വെച്ച് ആന്ധ്ര പരമ്പരാഗത രീതിയിലായിരുന്നു ഇവരുടെ വിവാഹം. ആരാധകരും സോഷ്യൽ മീഡിയയും ഒരുപോലെ ആഘോഷമാക്കിയ ഈ വിവാഹചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാണ്.











