വിവാഹമോചന കേസിനിടെ വിജയ്‌യും തൃഷയും പൊതുവേദിയിൽ; കടുത്ത വിമർശനവുമായി നടി സനം ഷെട്ടി

തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‌യും തൃഷയും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ചെത്തിയതിനെതിരെ രൂക്ഷവിമർശനവുമായി നടി സനം ഷെട്ടി. ഭാര്യ സംഗീതയുമായുള്ള വിവാഹമോചന നടപടികൾ കോടതിയിൽ തുടരുന്നതിനിടെ ഇത്തരമൊരു പരസ്യപ്രകടനം ശരിയായ രീതിയല്ലെന്ന് സനം പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം വിജയ്‌ക്കെതിരെ രംഗത്തെത്തിയത്.

വിവാഹമോചന കേസിൽ സംഗീത അനുഭവിക്കുന്ന മാനസിക വിഷമത്തെ അവഗണിക്കരുതെന്ന് സനം ഷെട്ടി കുറിച്ചു. വിജയ്‌യുടെ വലിയൊരു ആരാധക എന്ന നിലയിൽ നിലവിലെ സാഹചര്യങ്ങൾ തന്നെ ഏറെ നിരാശപ്പെടുത്തുന്നുവെന്നും സനം വ്യക്തമാക്കി. ഇതിനോടകം തന്നെ ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

നിർമ്മാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിലാണ് വിജയ്‌യും തൃഷയും ഒന്നിച്ചെത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ഒരേ കാറിലാണ് ഇരുവരും ചടങ്ങിനെത്തിയത്. വളരെ നേരം അവിടെ ചിലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. ഗോസിപ്പുകൾക്ക് ശക്തി പകരുന്ന രീതിയിലുള്ള ഇരുവരുടെയും പെരുമാറ്റം ആരാധകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.

വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജിയിൽ ഏപ്രിൽ 20-ന് താരം നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതുണ്ട്. 2021 മുതൽ തങ്ങൾ വേർപിരിഞ്ഞു കഴിയുകയാണെന്നും ഒരു പ്രമുഖ നടിയുമായുള്ള വിജയ്‌യുടെ ബന്ധമാണ് തകർച്ചയ്ക്ക് കാരണമെന്നും സംഗീത ആരോപിച്ചിട്ടുണ്ട്. ക്രൂരത, വിവാഹേതര ബന്ധം എന്നീ വകുപ്പുകൾ ചുമത്തിയാണ് സംഗീത കോടതിയെ സമീപിച്ചിരിക്കുന്നത്.

വിജയ്‌യും സംഗീതയും 1999-ലാണ് വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളുണ്ട്. ദാമ്പത്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചു കാലമായി വിജയ്‌യുടെ കുടുംബം പൊതുപരിപാടികളിൽ നിന്നും രാഷ്ട്രീയ യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഏപ്രിൽ മാസത്തിൽ നടക്കുന്ന കോടതി നടപടികൾക്ക് ശേഷമേ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരൂ.