“കുന്ദവൈ വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്”; തൃഷയെക്കുറിച്ച് പാർത്ഥിപന്റെ പരാമർശം വിവാദമാകുന്നു

തമിഴ് സൂപ്പർതാരം വിജയ്‍യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട വാർത്തകൾക്കിടയിൽ നടി തൃഷയെക്കുറിച്ച് സംവിധായകനും നടനുമായ ആർ. പാർത്ഥിപൻ നടത്തിയ പരാമർശം വലിയ ചർച്ചയാകുന്നു. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതും അതിന് പിന്നാലെ വിജയ് തൃഷയോടൊപ്പം ഒരു പൊതുചടങ്ങിൽ പങ്കെടുത്തതും തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഒരു അവാർഡ് വേദിയിൽ വെച്ച് തൃഷയുടെ ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിലെ ‘കുന്ദവൈ’ എന്ന കഥാപാത്രത്തെക്കുറിച്ച് പാർത്ഥിപൻ വിവാദപരമായ അഭിപ്രായം രേഖപ്പെടുത്തിയത്.

കുന്ദവൈയോട് വീടിനുള്ളിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതാകും നല്ലതെന്നും അവർ വീടിന് വെളിയിൽ ഇറങ്ങുന്നത് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നുമാണ് പാർത്ഥിപൻ പറഞ്ഞത്. ഒരു അവാർഡ് ഷോയ്ക്കിടെ ഓരോ താരങ്ങളെക്കുറിച്ചും അഭിപ്രായം ചോദിച്ചപ്പോഴായിരുന്നു പാർത്ഥിപന്റെ ഈ പ്രതികരണം. തമാശരൂപേണയാണെങ്കിലും തൃഷയെയും വിജയ്‌യെയും ലക്ഷ്യം വെച്ചുള്ളതാണ് ഈ പരിഹാസമെന്ന് ആരാധകർക്കിടയിൽ സംസാരമുണ്ട്. പാർത്ഥിപന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.

വിജയ്‌ക്കെതിരെ ഭാര്യ സംഗീത ചെങ്കൽപ്പേട്ട് കോടതിയിൽ ഹർജി നൽകിയ വാർത്ത കഴിഞ്ഞ ആഴ്ചകളിലാണ് പുറത്തുവന്നത്. മറ്റൊരു നടിയുമായി വിജയ്ക്കുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന തരത്തിലുള്ള പ്രചരണങ്ങൾക്കിടയിലാണ് വിജയ് തൃഷയോടൊപ്പം പ്രത്യക്ഷപ്പെട്ടത്. ഈ സംഭവം തമിഴ് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പാർത്ഥിപന്റെ പരാമർശം തൃഷയെ അപമാനിക്കുന്നതാണെന്നും ഇത്തരം പൊതുവേദികളിൽ അനാവശ്യമായ കാര്യങ്ങൾ സംസാരിക്കുന്നത് ഒഴിവാക്കണമെന്നും ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നു.